സങ്കീർത്തനം.51
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻപ്രവാചകൻ അവന്റെ അടുക്കൽ വന്നപ്പോൾ വാങ്മയ രൂപം നൽകിയത്.
1 ദൈവമേ, നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ;
നിന്റെ ബഹുവിധമായ കാരുണ്യപ്രകാരം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ;
എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ.
3 എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4 നിന്നോടു തന്നെ ഞാൻ പാപം ചെയ്തു;
നിനക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു.
സംസാരിക്കുമ്പോൾ നീ നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.
5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6 അന്തർഭാഗത്തെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്;
അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ;
ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.
8 സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ;
നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9 എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ;
എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ.
10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്
സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.
11 നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ
നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.
13 അപ്പോൾ ഞാൻ അതിക്രമക്കാരോട് നിന്റെ വഴികൾ ഉപദേശിക്കും;
പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.
14 ദൈവമേ,എന്റെ രക്ഷയുടെ ദൈവമേ!
രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും.
15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;
എന്നാൽ എന്റെ വായ് നിനക്ക് സ്തുതി പാടും.
16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;
ഹോമയാഗത്തിൽ നിനക്ക് പ്രസാദവുമില്ല.
17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല.
18 നിന്റെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ;
യെരൂശലേമിന്റെ മതിലുകൾ പണിയണമേ;
19 അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;
അപ്പോൾ അവർ നിന്റെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.