അദ്ധ്യായം.3
1 നെബൂഖദ്നേസർരാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വീതി ആറു മുഴവും ആയിരുന്നു; അവൻ അത് ബാബേൽസംസ്ഥാനത്ത് ദൂരാ എന്ന സമഭൂമിയിൽ നിർത്തി. 2 നെബൂഖദ്നേസർരാജാവ്, പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും താൻ നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടുവാൻ ആളയച്ചു. 3 അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവ് നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പിൽ നിന്നു. 4 അപ്പോൾ വിളംബരക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “വംശങ്ങളും ജനതകളും വിവിധ ഭാഷക്കാരുമേ, നിങ്ങളോടു കല്പിക്കുന്നത് എന്തെന്നാൽ: 5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണ്, നെബൂഖദ്നേസർരാജാവ് നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കണം. 6 ആരെങ്കിലും വീണ് നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും”. 7 അതുകൊണ്ട്, കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർരാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു. 8 എന്നാൽ ആ സമയത്ത് ചില കല്ദയർ അടുത്തുവന്ന് യഹൂദന്മാരെ കുറ്റം ചുമത്തി. 9 അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചത്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ! 10 രാജാവേ, കാഹളം കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണ് സ്വർണ്ണബിംബത്തെ നമസ്കരിക്കണമെന്നും 11 ആരെങ്കിലും വീണ് നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പ് കല്പിച്ചുവല്ലോ. 12 ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യഹൂദന്മാരുണ്ടല്ലോ; ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കുകയോ തിരുമനസ്സുകൊണ്ട് നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല. 13 അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. 14 നെബൂഖദ്നേസർ അവരോട് കല്പിച്ചത്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് സത്യം തന്നെയോ? 15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്? 16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറയേണ്ട ആവശ്യമില്ല. 17 ഞങ്ങൾ സേവിക്കുന്ന ദൈവത്തിന് ഞങ്ങളെ വിടുവിക്കുവാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കൈയിൽനിന്നും വിടുവിക്കും. 18 അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയുമില്ല എന്ന് അറിഞ്ഞാലും” എന്ന് ഉത്തരം പറഞ്ഞു. 19 അപ്പോൾ നെബൂഖദ്നേസർ കോപപരവശനായി; ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ തന്റെ മുഖഭാവം മാറി. തീച്ചൂള പതിവായി ചൂടുപിടിപ്പിക്കുന്നതിൽ ഏഴുമടങ്ങ് ചൂടുപിടിപ്പിക്കുവാൻ അവൻ കല്പിച്ചു. 20 അവൻ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോട് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുവാൻ കല്പിച്ചു. 21 അങ്ങനെ അവർ ആ പുരുഷന്മാരെ, അവരുടെ കാൽചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടി ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു. 22 രാജകല്പന കർശനമായിരിക്കുകയാലും ചൂള അത്യന്തം ചൂടായിരിക്കുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. 23 ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. 24 നെബൂഖദ്നേസർരാജാവ് പരിഭ്രമിച്ച് വേഗത്തിൽ എഴുന്നേറ്റ് മന്ത്രിമാരോട്: “നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ച് തീയിൽ ഇട്ടത്?” എന്ന് ചോദിച്ചതിന് അവർ: “സത്യം തന്നെ രാജാവേ” എന്ന് രാജാവിനോട് ഉണർത്തിച്ചു. 25 അതിന് അവൻ: “നാലു പുരുഷന്മാർ കെട്ടഴിഞ്ഞ് തീയിൽ നടക്കുന്നത് ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടിയിട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോട് സമമായിരിക്കുന്നു.” എന്ന് കല്പിച്ചു. 26 നെബൂഖദ്നേസർ എരിയുന്ന തീച്ചൂളയുടെ വാതില്ക്കൽ അടുത്തു ചെന്ന്: “അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ” എന്ന് കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്ന് പുറത്തുവന്നു. 27 പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന് തീപ്പൊള്ളൽ ഏൽക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽചട്ടയ്ക്ക് കേടു പറ്റാതെയും അവർക്ക് തീയുടെ മണംപോലും തട്ടാതെയും ഇരുന്നത് കണ്ടു. 28 അപ്പോൾ നെബൂഖദ്നേസർ കല്പിച്ചത്: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തന്നിൽ ആശ്രയിക്കുകയും സ്വന്ത ദൈവത്തെയല്ലാതെ വേറൊരു ദൈവത്തെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതെ രാജകല്പനപോലും മറുത്ത് അവരുടെ ശരീരത്തെ ഏല്പിച്ചുകൊടുക്കുകയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ച് വിടുവിച്ചിരിക്കുന്നുവല്ലോ. 29 ഈ വിധത്തിൽ വിടുവിക്കുവാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ട് ഏതു ജനതകളിലും വംശങ്ങളിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന് വിരോധമായി വല്ല തിന്മയും പറഞ്ഞാൽ അവനെ കഷണംകഷണമായി നുറുക്കുകയും അവന്റെ വീട് കുപ്പക്കുന്നാക്കുകയും ചെയ്യുമെന്ന് ഞാൻ ഒരു വിധി കല്പിക്കുന്നു.” 30 പിന്നെ രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽസംസ്ഥാനത്ത് സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തു