28. അദ്ധ്യായം.
1 അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: “നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്. 2 എഴുന്നേറ്റ്, പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക. 3 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി വർദ്ധിപ്പിക്കുകയും 4 ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും നൽകുകയും ചെയ്യുമാറാകട്ടെ.” 5 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി. 6 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ച് പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുക്കുവാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്” എന്ന് അവനോടു കല്പിച്ചതും 7 യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ, 8 കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട് 9 ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. 11 അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചതു കൊണ്ട് അവിടെ രാത്രിപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ച് അവിടെ കിടന്നുറങ്ങി. 12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവണി; അതിന്റെ മുകളറ്റം സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. 13 അതിനുമീതെ യഹോവ നിന്നു അരുളിച്ചെയ്തത്: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. 14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലകുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. 15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ ദേശത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നോട് അരുളിച്ചെയ്തത് നിവർത്തിക്കുന്നതുവരെ ഞാൻ നിന്നെ കൈവിടുകയില്ല.” 16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: “യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല” എന്നു പറഞ്ഞു. 17 അവൻ ഭയപ്പെട്ടു: “ഈ സ്ഥലം എത്ര ഭയങ്കരം! ഇത് ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നുമല്ല; ഇത് സ്വർഗ്ഗത്തിന്റെ വാതിൽ തന്നെ” എന്നു പറഞ്ഞു. 18 യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. 19 അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു. 20 യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിക്കുവാൻ ആഹാരവും ധരിക്കുവാൻ വസ്ത്രവും എനിക്കു തരികയും 21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സമാധാനത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. 22 ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” എന്നു പറഞ്ഞു.