17. അദ്ധ്യായം.
1 അബ്രാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക. 2 എനിക്കും നിനക്കും മദ്ധ്യത്തിൽ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു. 3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: 4 “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കുകയാൽ; 5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേര് അബ്രാഹാം എന്നായിരിക്കേണം. 6 ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്ന് രാജാക്കന്മാരും ജനിക്കും. 7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യനിയമമായി സ്ഥാപിക്കും. 8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.” 9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. 10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏൽക്കേണം. 11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള നിയമത്തിന്റെ അടയാളം ആകും. 12 തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യണം. 13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം. 14 അഗ്രചർമ്മിയായ പുരുഷസന്തതി പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെപുറത്താക്കണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
15 ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേരു സാറാ എന്നായിരിക്കേണം. 16 ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽനിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. 17 അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് തന്റെ ഹൃദയത്തിൽ പറഞ്ഞു. 18 “ഓ, യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്ന് അബ്രാഹാം ദൈവത്തോട് പറഞ്ഞു. 19 അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന് യിസ്ഹാക്ക് എന്ന് പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും 20 യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയ ഒരു ജനതയാക്കും. 21 എന്നാൽ, എന്റെ നിയമം ഞാൻ സ്ഥാപിക്കുന്നതോ, അടുത്തവർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്ക് പ്രസവിക്കുവാനുള്ള യിസ്ഹാക്കിനോട് ആകുന്നു.” 22 ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി. 23 അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന ചെയ്തു. 24 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന് തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. 25 അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന് പതിമൂന്നു വയസ്സായിരുന്നു. 26 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. 27 അബ്രഹാമിന്റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.