11. അദ്ധ്യായം.
പത്രൊസ് തനിക്കു സംഭവിച്ച വസ്തുതകൾ വിവരിക്കുന്നു
1 ദൈവവചനം ജാതികളും സ്വീകരിച്ചു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട് 2 പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ* മോശെയുടെ ന്യായപ്രമാണപ്രകാരം ക്രിസ്തു ശിഷ്യരെല്ലാം പരിച്ഛേദന ഏൽക്കണം എന്ന് പഠിപ്പിച്ചിരുന്ന വിഭാഗം. അവനോട് വാദിച്ചു: 3 “നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു. 4 പത്രൊസ് ആദിമുതൽ സംഭവിച്ചതെല്ലാം ക്രമമായി അവരോട് വിവരിച്ചുപറഞ്ഞു: 5 “ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ട്: ആകാശത്തിൽനിന്ന് നാല് കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രം പോലെ എന്റെ അടുക്കലോളം വന്നു. 6 അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ട്: 7 ‘പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക’ എന്ന് എന്നോട് പറയുന്നൊരു ശബ്ദവും കേട്ട്. 8 അതിന് ഞാൻ: ‘ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരിക്കലും തിന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു. 9 ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്ന് ഉത്തരം പറഞ്ഞു. 10 ഇത് മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. 11 അപ്പോൾ തന്നേ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീടിന്റെ മുമ്പിൽ നിന്നിരുന്നു; 12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ പരിശുദ്ധാത്മാവ് എന്നോട് കല്പിച്ചു. ഈ ആറ് സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്ന്. 13 അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ട് എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക; 14 നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിയ്ക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോട് സംസാരിക്കും’ എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. 15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ വന്നതുപോലെ അവരുടെ മേലും വന്നു. 16 അപ്പോൾ ഞാൻ: ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. 17 ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു ലഭിച്ചതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടയുവാൻ തക്കവണ്ണം ഞാൻ ആർ?” 18 അവർ ഇത് കേട്ടപ്പോൾ മിണ്ടാതിരുന്നു: “അങ്ങനെ ദൈവം ജാതികൾക്കും തങ്ങളുടെ പാപവഴികളിൽനിന്നും മാനസാന്തരപ്പെടുന്നതിനാൽ നിത്യജീവൻ പ്രാപിക്കാൻ കഴിയുമല്ലോ” എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.
അന്ത്യൊക്യയിൽ സഭ ആരംഭിക്കുന്നു
19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവത്താൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. 20 അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. 21 കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം ജനങ്ങൾ വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു. 22 അവരെക്കുറിച്ചുള്ള ഈ സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു. 23 അവൻ ചെന്ന്, ദൈവകൃപ കണ്ട് സന്തോഷിച്ചു. എല്ലാവരും പൂർണ്ണഹൃദയത്തോടെ കർത്താവിനോട് ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. 24 ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു. 25 ബർന്നബാസ് ശൌലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 26 അവർ ഒരു വർഷം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു; അങ്ങനെ അന്ത്യൊക്യയിൽവച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേര് ലഭിച്ചു.
അഗബൊസിന്റെ പ്രവചനം
27 ആ കാലത്ത് യെരൂശലേമിൽ നിന്ന് പ്രവാചകന്മാർ അന്ത്യൊക്യയിലേക്ക് വന്നു. 28 അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിന്റെ കാലത്ത് സംഭവിച്ചു. 29 അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ സഹായത്തിനായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ ധനശേഖരം കൊടുത്തയയ്ക്കുവാൻ നിശ്ചയിച്ചു. 30 അവർ അങ്ങനെ ചെയ്തു, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്ക് കൊടുത്തയച്ചു.
*11. അദ്ധ്യായം.. 2 മോശെയുടെ ന്യായപ്രമാണപ്രകാരം ക്രിസ്തു ശിഷ്യരെല്ലാം പരിച്ഛേദന ഏൽക്കണം എന്ന് പഠിപ്പിച്ചിരുന്ന വിഭാഗം.