അദ്ധ്യായം.4
ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു. വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു. അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു. അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻ ഭാഗം അകത്തോട്ട് ആയിരുന്നു. ജലസംഭരണിക്ക് നാലു വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം * bathsബത്ത് വെള്ളം കൊള്ളുമായിരുന്നു. കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചു വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു. അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു. അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നു കൊണ്ട് നൂറു തളികകളും ഉണ്ടാക്കി. അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു. 10 അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു. 11 ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു. 12 രണ്ട് തൂണുകൾ,തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, 13 തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ 14 പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ 15 ജലസംഭരണി, അതിന് കീഴെ പന്ത്രണ്ടു കാളകൾ, കലങ്ങൾ, 16 ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു. 17 യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു. 18 ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല. 19 ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും 20 അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും 21 നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും 22 തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.

*അദ്ധ്യായം.4. 5 baths