6
തോഴിമാർ
സ്ത്രീകളിൽ അതിസുന്ദരീ,
നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു?
നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു,
അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?
യുവതി
എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്,
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു,
തോട്ടത്തിൽ മേയിക്കുന്നതിനും
ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.
ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു;
അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.* അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു
യുവാവ്
എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ,
ജെറുശലേംപോലെ സൗന്ദര്യവതി,
കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.
നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക;
അവയെന്നെ കീഴടക്കുന്നു.
ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.
അവയെല്ലാം ഇണക്കുട്ടികൾ;
ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ
മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
അറുപതു രാജ്ഞിമാരും
എൺപതു വെപ്പാട്ടികളും
അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;
എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം,
അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ,
അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ.
യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു;
രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.
തോഴിമാർ
10 അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്?
ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി,
താരഗണങ്ങൾപോലെ പ്രസന്നവതി.
യുവാവ്
11 ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു,
താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ,
മുന്തിരിലതകൾ പുഷ്പിണികളായോ എന്നും
മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.
12 ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ,
എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു. അഥവാ, അമ്മീനാദാബിന്റെ രഥവ്യൂഹത്തിലേക്ക്; അഥവാ, പ്രഭുക്കന്മാരുടെ രഥവ്യൂഹത്തിലേക്ക്.
തോഴിമാർ
13 അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;
മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ!
യുവാവ്
മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ
ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു? ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
 

*6:3 അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു

6:12 അഥവാ, അമ്മീനാദാബിന്റെ രഥവ്യൂഹത്തിലേക്ക്; അഥവാ, പ്രഭുക്കന്മാരുടെ രഥവ്യൂഹത്തിലേക്ക്.

6:13 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.