സങ്കീർത്തനം 43
1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,
ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ
എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.
വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്
എന്നെ മോചിപ്പിക്കണമേ.
2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട.
അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്?
ശത്രുവിന്റെ പീഡനം സഹിച്ച്
ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ,
അവ എന്നെ നയിക്കട്ടെ;
അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ,
അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും.
ഓ ദൈവമേ, എന്റെ ദൈവമേ,
വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
സംഗീതസംവിധായകന്.† സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
*^ 42,43 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
†സങ്കീർത്തനം 43:5 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.