7
വ്യഭിചാരിണിയായ സ്ത്രീക്കുള്ള മുന്നറിയിപ്പ്
1 എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും
എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.
2 എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും;
എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.
3 അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക;
നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും,
വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.
5 അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും
ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.
6 എന്റെ വീടിന്റെ ജനാലയ്ക്കരികിൽ
അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി.
7 യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു,
ഒരു ലളിതമാനസനെ ഞാൻ കണ്ടു,
ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ.
8 അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്;
അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു,
9 അന്തിമയക്കത്തിൽ പ്രകാശം മങ്ങി,
രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്.
10 അപ്പോൾ കുടിലചിത്തയായ ഒരുവൾ
വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു.
11 അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്,
അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്;
12 അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ
എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു.
13 അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു
ലജ്ജാരഹിതയായി അവനോടു പറഞ്ഞു:
14 “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്,
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു.
15 അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു;
ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു!
16 ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു
ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ.
17 മീറ,* അതായത്, നറുമ്പശ ചന്ദനം, ലവംഗം എന്നിവകൊണ്ട്
എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു.
18 വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം
നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം!
19 എന്റെ ഭർത്താവ് ഭവനത്തിലില്ല;
അയാൾ ദൂരയാത്ര പോയിരിക്കുകയാണ്.
20 അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്;
മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.”
21 മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു;
മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു.
22 ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു
അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ,
കുരുക്കിലേക്കു† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പായുന്ന മാനിനെപ്പോലെ,‡ മൂ.ഭാ. ഭോഷരെപ്പോലെ
23 അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ,
കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ,
സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.
24 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക;
എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക.
25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്
അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്.
26 അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്;
അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്.
27 അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്,
അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.