3
യോനാ നിനവേയിലേക്കു പോകുന്നു
1 യഹോവയുടെ അരുളപ്പാട് യോനായ്ക്കു രണ്ടാമതും ഉണ്ടായി: 2 “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്നു ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക.”
3 അങ്ങനെ യഹോവയുടെ അരുളപ്പാടനുസരിച്ച് യോനാ പെട്ടെന്നുതന്നെ നിനവേയിലേക്കു പോയി. ഒരറ്റംമുതൽ മറ്റേയറ്റംവരെ നടക്കാൻ മൂന്നുദിവസം വേണ്ടിവരുന്നത്ര വലുപ്പമുള്ള ഒരു നഗരമായിരുന്നു നിനവേ. 4 യോനാ, പട്ടണത്തിൽ പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നശേഷം വിളിച്ചുപറഞ്ഞു: “നാൽപ്പതുദിവസം കഴിയുമ്പോൾ നിനവേനഗരം നശിപ്പിക്കപ്പെടും.” 5 ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു.
6 ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു. 7 തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി:
“നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന:
“മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല. 8 മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ. 9 ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.”
10 ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.