31
1 “ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം
മരുഭൂമിയിൽ കൃപ കണ്ടെത്തി;
ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.”
3 യഹോവ ദൂരത്തുനിന്ന്* അഥവാ, മുൻകാലത്ത് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:
“നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;
അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.
4 ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും,
നീ വീണ്ടും പണിയപ്പെടും.
നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം
നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും.
5 വീണ്ടും നീ ശമര്യാപർവതങ്ങളിൽ
മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും;
കർഷകർ അതു കൃഷിചെയ്യുകയും
അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
6 ‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്,
നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ”
എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ
വിളിച്ചുപറയുന്ന കാലം വരും.
7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക;
രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക.
നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്,
‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ
അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.”
8 ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും,
ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.
അവരോടൊപ്പം അന്ധരും മുടന്തരും
ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും
എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.
9 അവർ കരഞ്ഞുകൊണ്ടു വരും;
ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും.
അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത
ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും;
കാരണം ഞാൻ ഇസ്രായേലിനു പിതാവും
എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.
10 “രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക;
വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക:
‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും
ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’
11 കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും,
അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും.
12 അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും;
ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ,
കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ
യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും.
അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും,
അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.
13 അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും
ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും.
അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും;
അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും.
14 ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും;
എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,”
എന്ന് യഹോവയുടെ അരുളപ്പാട്.
15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“രാമായിൽ ഒരു ശബ്ദം കേൾക്കുന്നു;
വിലാപവും കഠിനമായ രോദനവുംതന്നെ,
റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.
അവരിലാരും അവശേഷിക്കുന്നില്ല;
സാന്ത്വനം അവൾ നിരസിക്കുന്നു.”
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിന്റെ കരച്ചിൽ നിർത്തുക,
നിന്റെ കണ്ണുനീർ തുടയ്ക്കുക;
കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.
17 അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.
18 “ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം:
‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു
ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു;
ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ,
കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.
19 തെറ്റിപ്പോയശേഷം
ഞാൻ അനുതപിച്ചു;
ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ
എന്റെ മാറത്തടിച്ചു.
ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു,
കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’
20 എഫ്രയീം എന്റെ പ്രിയപുത്രനല്ലേ,
ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ.
അവനെതിരായി സംസാരിച്ചാലും
ഞാനവനെ ഇപ്പോഴും ഓർക്കുന്നു.
അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു;
ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
21 “നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക.
നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക.
നീ പോയ രാജവീഥി
മനസ്സിൽ കരുതിക്കൊള്ളുക.
ഇസ്രായേൽ കന്യകേ, മടങ്ങിവരിക,
നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.
22 അവിശ്വസ്തയായ ഇസ്രായേൽപുത്രീ,
എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും?
യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു—
ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.† അഥവാ, ഒരു പുരുഷനിലേക്കു മടങ്ങിവരും.”
23 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും. 24 യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ. 25 ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.”
26 ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു.
27 “ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്. 28 “പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. 29 “ആ കാലങ്ങളിൽ,
“ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു;
മക്കളുടെ പല്ലു പുളിച്ചു,’
എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല. 30 ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.
31 “ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
32 “ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ
ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും
എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”
എന്ന് യഹോവയുടെ അരുളപ്പാട്.
33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,
അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും;
ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
35 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
സൂര്യനെ പകൽവെളിച്ചത്തിനായി
നിയമിക്കുകയും
ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി
നൽകുകയും
സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു
ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും
സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:
36 “ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,”
യഹോവ അരുളിച്ചെയ്യുന്നു,
“ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം
എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”
37 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മീതേയുള്ള ആകാശത്തെ അളക്കുകയും
താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ
ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും
അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,”
എന്ന് യഹോവയുടെ അരുളപ്പാട്.
38 “ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. 39 “അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും. 40 ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”