11
ഇസ്രായേലിനോടുള്ള ദൈവത്തിന്റെ സ്നേഹം
1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,
ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും
അവർ എന്നെ വിട്ടകന്നുപോയി.
അവർ ബാലിനു ബലിയർപ്പിച്ചു
വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.
3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,
ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;
എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്
അവർ മനസ്സിലാക്കിയില്ല.
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും
സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;
ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,
ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,
അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.
5 “അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ
അവർ എങ്കലേക്കു മടങ്ങിവരാൻ വിസമ്മതിച്ചതിനാൽ
അശ്ശൂർ അവരുടെമേൽ ഭരണംനടത്തുകയില്ലേ?
6 അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും;
അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും
അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.
7 എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു.
അവർ പരമോന്നതനെ വിളിച്ചപേക്ഷിച്ചാലും
അവിടന്ന് അവരെ ഉദ്ധരിക്കുകയില്ല.
8 “എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും?
ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും?
ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ?
സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ?
എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു;
എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.
9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല,
ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല.
കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല;
നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ.
ഞാൻ ക്രോധത്തോടെ വരികയുമില്ല.
10 അവർ യഹോവയെ അനുഗമിക്കും.
അവിടന്ന് സിംഹംപോലെ ഗർജിക്കും;
അവിടന്ന് ഗർജിക്കുമ്പോൾ
അവിടത്തെ മക്കൾ പടിഞ്ഞാറുനിന്നു വിറച്ചുകൊണ്ടുവരും.
11 അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും
പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും
വിറച്ചുകൊണ്ടുവരും.
ഞാൻ അവരെ തങ്ങളുടെ വീടുകളിൽ പാർപ്പിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഇസ്രായേലിന്റെ പാപം
12 എഫ്രയീം വ്യാജങ്ങളാലും
ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു.
യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല;
വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.