4
യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനനുണ്ടെന്നോർത്ത് ദാസരോടു നീതിയും ന്യായവും പുലർത്തുക.
കൂടുതൽ നിർദേശങ്ങൾ
ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക. ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം* അഥവാ, സുവിശേഷം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം. എനിക്ക് അതു വേണ്ടുംപോലെ വ്യക്തമായി ഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക. ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.
 
അന്തിമ അഭിവാദനങ്ങൾ
പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് ചി.കൈ.പ്ര. നിങ്ങളുടെ അവസ്ഥ അറിവാനും നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും.
 
10 എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക.
11 യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ. മൂ.ഭാ. പരിച്ഛേദനക്കാർ ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു.
12 നിങ്ങളിൽ ഒരാളും ക്രിസ്തുയേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങൾക്കു വന്ദനം നേരുന്നു. നിങ്ങൾ ദൈവഹിതത്തെപ്പറ്റി പൂർണനിശ്ചയമുള്ളവരായി നിലനിൽക്കേണ്ടതിന് അദ്ദേഹം നിങ്ങൾക്കുവേണ്ടി അത്യന്തം ജാഗ്രതയോടുകൂടെ നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. 13 നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി.
14 നമ്മുടെ പ്രിയ വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
15 ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.
 
16 ഈ ലേഖനം നിങ്ങൾ വായിച്ചതിനുശേഷം ലവൊദിക്യസഭയിൽ വായിപ്പിക്കുകയും ലവൊദിക്യയിൽനിന്നുള്ള ലേഖനം നിങ്ങൾ വായിക്കുകയുംചെയ്യണം.
 
17 “കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം.
 
18 പൗലോസ് എന്ന ഞാൻ സ്വന്തം കൈകൊണ്ട് ഈ വന്ദനവചസ്സുകൾ എഴുതുന്നു. എന്റെ ബന്ധനങ്ങളെ ഓർക്കുക. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

*4:3 അഥവാ, സുവിശേഷം

4:8 ചി.കൈ.പ്ര. നിങ്ങളുടെ അവസ്ഥ അറിവാനും

4:11 മൂ.ഭാ. പരിച്ഛേദനക്കാർ