കൊലോസ്യർക്ക് എഴുതിയ ലേഖനം
1
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
 
കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക്* അഥവാ, വിശ്വാസികളുമായി എഴുതുന്നത്:
 
നമ്മുടെ പിതാവായ ദൈവത്തിൽനിന്നു ചി.കൈ.പ്ര. കർത്താവായ യേശുക്രിസ്തുവിൽനിന്ന് എന്നും കാണുന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
 
സ്തോത്രവും പ്രാർഥനയും
3-5 സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ചി.കൈ.പ്ര. നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്.
അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും 10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും 11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും 12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ§ ചി.കൈ.പ്ര. നമ്മെ യോഗ്യരാക്കുകയും 13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. 14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.* ചി.കൈ.പ്ര. അവിടത്തെ രക്തത്താലുള്ള വീണ്ടെടുപ്പ്
ക്രിസ്തു പരമോന്നതൻ
15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
സകലസൃഷ്ടിക്കും അധീശനും മൂ.ഭാ. സർവത്തിനും മുമ്പേയുള്ള ആദ്യജാതൻ ആകുന്നു.
16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും
സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും
എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;
സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
 
17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;
സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.
 
അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും
മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ
ഏറ്റവും പ്രമുഖനും ആകുന്നു.
19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,
ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും
തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.
21 ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു. 22 ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു. 23 നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു.
സഭയ്ക്കുവേണ്ടി പൗലോസിന്റെ അധ്വാനം
24 നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു. 25 നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നൽകിയ നിയോഗപ്രകാരം ദൈവവചനഘോഷണം പൂർണമായി നിറവേറ്റാൻ ഞാൻ സഭയുടെ ശുശ്രൂഷകനായിത്തീർന്നു. 26 ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു. 27 മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു ഒരുനാളിൽ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ നാമും പങ്കാളികളായിത്തീരും എന്ന പ്രത്യാശ. നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി.
28 ഈ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രസംഗിക്കുന്നത്; ഓരോരുത്തരെയും ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാക്കേണ്ടതിന് സകലജ്ഞാനത്തോടുംകൂടെ അവരെ പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. 29 എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.

*1:2 അഥവാ, വിശ്വാസികളുമായി

1:2 ചി.കൈ.പ്ര. കർത്താവായ യേശുക്രിസ്തുവിൽനിന്ന് എന്നും കാണുന്നു

1:7 ചി.കൈ.പ്ര. നിങ്ങൾക്കുവേണ്ടി

§1:12 ചി.കൈ.പ്ര. നമ്മെ

*1:14 ചി.കൈ.പ്ര. അവിടത്തെ രക്തത്താലുള്ള വീണ്ടെടുപ്പ്

1:15 മൂ.ഭാ. സർവത്തിനും മുമ്പേയുള്ള ആദ്യജാതൻ

1:27 ഒരുനാളിൽ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ നാമും പങ്കാളികളായിത്തീരും എന്ന പ്രത്യാശ.