17
ദാവീദും ഗൊല്യാത്തും
അങ്ങനെയിരിക്കെ ഒരു ദിവസം ഫെലിസ്ത്യർ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കി യെഹൂദ്യയിലെ സോഖോവിൽ ഒരുമിച്ചുകൂടി. സോഖോവിനും അസേക്കെയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ അവർ പാളയമിറങ്ങി. ശൗലും ഇസ്രായേല്യരും ഒരുമിച്ചുകൂടി ഏലാതാഴ്വരയിൽ പാളയമിറങ്ങി. അവർ ഫെലിസ്ത്യരെ നേരിടാനായി അണിനിരന്നു. ഫെലിസ്ത്യർ ഒരു മലഞ്ചരിവിലും ഇസ്രായേല്യർ അതിന്നിപ്പുറം മറ്റൊരു മലഞ്ചരിവിലും അണിനിരന്നു; അവരുടെ മധ്യേ ഒരു താഴ്വരയുണ്ടായിരുന്നു.
അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ* ഏക. 3 മീ. അടി ഉയരമുണ്ടായിരുന്നു. അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ ഏക. 58 കി.ഗ്രാം. തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്. അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു. അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ§ ഏക. 7 കി.ഗ്രാം. തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു.
ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” 10 വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.” 11 ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു.
12 ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു. 13 യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ. 14 ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെയായിരുന്നു. 15 എന്നാൽ ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് മിക്കപ്പോഴും ബേത്ലഹേമിൽ തന്റെ പിതാവിന്റെ ആടുകളെ നോക്കാൻ പോകുമായിരുന്നു.
16 ഫെലിസ്ത്യനായ ഗൊല്യാത്ത് നാൽപ്പതുദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് യുദ്ധത്തിനു വെല്ലുവിളിച്ചുകൊണ്ടിരുന്നു.
17 യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ* ഏക. 16 കി.ഗ്രാം. മലരും പത്ത് അപ്പവും എടുത്ത് വേഗത്തിൽ പാളയത്തിൽ കൊണ്ടുചെന്ന് നിന്റെ സഹോദരന്മാർക്കു കൊടുക്കുക. 18 അവരുടെ സേനാധിപനുവേണ്ടി ഈ പാൽക്കട്ടി പത്തുംകൂടി എടുത്തുകൊള്ളുക! നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉറപ്പുവരുത്തി തിരിച്ചുവരിക. 19 അവർ ശൗലിനോടും മറ്റ് ഇസ്രായേല്യരോടും ഒപ്പം ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു പൊരുതുകയാണ്.”
20 പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി. 21 ഇസ്രായേല്യരും ഫെലിസ്ത്യരും അഭിമുഖമായി അണിനിരന്നു. 22 ദാവീദ് തന്റെ സാധനങ്ങൾ പടക്കോപ്പുസൂക്ഷിപ്പുകാരനെ ഏൽപ്പിച്ചിട്ട് അണികളിലേക്ക് ഓടിച്ചെന്ന് തന്റെ സഹോദരന്മാരെ കണ്ടുമുട്ടി കുശലം അന്വേഷിച്ചു. 23 അയാൾ അവരോടു സംസാരിക്കുമ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നു മുമ്പോട്ടുവന്ന് പതിവുപോലെ വെല്ലുവിളി ഉയർത്തി. ദാവീദും അതുകേട്ടു. 24 ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു.
25 അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു.
26 തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?”
27 അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു.
28 ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു.
29 ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?” 30 അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു. 31 ദാവീദ് പറഞ്ഞകാര്യം പരസ്യമായി. അതു ശൗലിന്റെ ചെവിയിലുമെത്തി. അദ്ദേഹം ദാവീദിനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു.
32 ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു.
33 ശൗൽ മറുപടി പറഞ്ഞു: “ഈ ഫെലിസ്ത്യനെതിരേ പൊരുതാൻ നിനക്കു കഴിവില്ല! നീ വെറും ബാലനാണ്. എന്നാൽ അവൻ ചെറുപ്പംമുതലേ യോദ്ധാവാകുന്നു.”
34 എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി. 35 ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു. 36 അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും. 37 സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവ, എന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്ന് വിടുവിക്കും.”
അപ്പോൾ ശൗൽ, “പോക, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞു.
38 അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു. 39 ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു.
“ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി. 40 ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു.
41 ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു. 42 അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. 43 അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. 44 എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു.
45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. 46 ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. 47 വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.”
48 ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. 49 തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു.
50 അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു.
51 ദാവീദ് ഓടിയടുത്ത് ഫെലിസ്ത്യന്റെ പുറത്തുകയറി നിന്നു. ആ ഫെലിസ്ത്യന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത്. അവനെ കൊന്നു. അതിനുശേഷം ആ വാൾകൊണ്ടുതന്നെ അവന്റെ തല വെട്ടിമാറ്റി.
തങ്ങളുടെ മല്ലൻ മരിച്ചെന്നുകണ്ടപ്പോൾ ഫെലിസ്ത്യർ പിന്തിരിഞ്ഞോടിപ്പോയി. 52 അപ്പോൾ ഇസ്രായേൽജനവും യെഹൂദ്യരും ആർത്തുകൊണ്ട് മുന്നോട്ട് ഇരച്ചുകയറി ഗത്തിന്റെ ചി.കൈ.പ്ര. താഴ്വരയുടെ അതിരോളവും എക്രോനിലേക്കുള്ള കവാടങ്ങൾവരെയും ഫെലിസ്ത്യരെ പിൻതുടർന്നു സംഹരിച്ചു. ശയരയീമിലേക്കുള്ള വഴിമുതൽ ഗത്തും എക്രോനുംവരെ കൊല്ലപ്പെട്ട ഫെലിസ്ത്യർ വീണുകിടന്നിരുന്നു. 53 ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി ഇസ്രായേല്യർ മടങ്ങിയപ്പോൾ അവർ ഫെലിസ്ത്യപാളയം കൊള്ളയിട്ടു.
54 ദാവീദ് ഫെലിസ്ത്യന്റെ തലയെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഫെലിസ്ത്യന്റെ ആയുധങ്ങൾ ദാവീദ് സ്വന്തകൂടാരത്തിൽ സൂക്ഷിക്കുകയും ചെയ്തു.
55 ഫെലിസ്ത്യനെ എതിരിടാൻ ദാവീദ് മുന്നേറുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്: “അബ്നേരേ, ഈ യുവാവ് ആരുടെ മകനാണ്?” എന്നു ചോദിച്ചു.
അബ്നേർ മറുപടി പറഞ്ഞു: “രാജാവേ, തിരുമേനിയാണെ, സത്യം, എനിക്കതറിവില്ല.”
56 “ഈ ചെറുപ്പക്കാരൻ ആരുടെ മകനെന്നു കണ്ടുപിടിക്കണം,” എന്നു രാജാവു കൽപ്പിച്ചു.
57 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ശൗലിന്റെ മുമ്പിലേക്കാനയിച്ചു. ഫെലിസ്ത്യന്റെ തല അപ്പോഴും ദാവീദിന്റെ കൈയിലുണ്ടായിരുന്നു.
58 “യുവാവേ, നീ ആരുടെ മകൻ?” ശൗൽ ചോദിച്ചു.
“ബേത്ലഹേമ്യനായ അങ്ങയുടെ ദാസൻ യിശ്ശായിയുടെ മകനാണ് അടിയൻ,” ദാവീദ് മറുപടി പറഞ്ഞു.

*17:4 ഏക. 3 മീ.

17:5 ഏക. 58 കി.ഗ്രാം.

17:6 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം.

§17:7 ഏക. 7 കി.ഗ്രാം.

*17:17 ഏക. 16 കി.ഗ്രാം.

17:52 ചി.കൈ.പ്ര. താഴ്വരയുടെ