14
അഹീയാവ് യൊരോബെയാമിനെതിരേ പ്രവചിക്കുന്നു
1 അക്കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് രോഗിയായിത്തീർന്നു. 2 യൊരോബെയാം തന്റെ ഭാര്യയോടു പറഞ്ഞു: “നീ യൊരോബെയാമിന്റെ ഭാര്യയാണെന്നു തിരിച്ചറിയാത്തവിധം വേഷംമാറി ശീലോവിലേക്കു പോകുക. ഈ ജനത്തിനു ഞാൻ രാജാവായിത്തീരുമെന്ന് എന്നോടു പ്രവചിച്ച അഹീയാപ്രവാചകൻ അവിടെയുണ്ട്. 3 പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനും എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അദ്ദേഹം നിന്നോടു പറയും.” 4 യൊരോബെയാം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ചെയ്തു. അവൾ ശീലോവിൽ അഹീയാവിന്റെ ഭവനത്തിൽ ചെന്നു.
വാർധക്യംമൂലം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. 5 എന്നാൽ, യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു ചോദിക്കാൻ വരുന്നുണ്ട്; അവൻ രോഗിയായിരിക്കുന്നു. നീ ഇന്നിന്നവിധം അവളോടു സംസാരിക്കണം. ഇവിടെ വന്നെത്തുമ്പോൾ അവൾ മറ്റൊരു സ്ത്രീയായി നടിക്കും” എന്ന് അരുളിച്ചെയ്തിരുന്നു.
6 അതിനാൽ, അവളുടെ കാലൊച്ച വാതിൽക്കൽ കേട്ടപ്പോൾത്തന്നെ അഹീയാവു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യേ, അകത്തുവരിക! ഈ നാട്യം എന്തിന്? അശുഭവാർത്തകൾ നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു. 7 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ ചെന്ന് യൊരോബെയാമിനോടു പറയുക: ‘ഞാൻ ജനമധ്യത്തിൽനിന്നു നിന്നെ ഉയർത്തി; എന്റെ ജനമായ ഇസ്രായേലിന് ഭരണാധിപനായി നിയമിച്ചു. 8 ഞാൻ ദാവീദിന്റെ ഗൃഹത്തിൽനിന്ന് രാജ്യം വേർപെടുത്തി നിനക്കു തന്നു. എന്നാൽ, എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതുമാത്രം പ്രവർത്തിച്ച് പൂർണഹൃദയത്തോടെ എന്നെ അനുഗമിക്കുകയോ എന്റെ കൽപ്പനകൾ പാലിക്കുകയോ ചെയ്തിട്ടില്ല. 9 നിനക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും അധികം ദുഷ്ടത നീ പ്രവർത്തിച്ചു; എന്നെ കോപിപ്പിക്കുംവിധം നീ സ്വയം അന്യദേവന്മാരെയും വിഗ്രഹങ്ങളെയും വാർത്തുണ്ടാക്കി; അങ്ങനെ നീ എന്നെ പൂർണമായും തിരസ്കരിച്ചു.
10 “ ‘അതിനാൽ, ഞാൻ യൊരോബെയാമിന്റെ കുടുംബത്തിന്മേൽ അനർഥംവരുത്തും. യൊരോബെയാമിന്റെ സന്തതികളായി ഇസ്രായേലിലുള്ള അവസാനത്തെ പുരുഷപ്രജയെവരെ—അടിമയോ സ്വതന്ത്രനോ* അഥവാ, ഭരണാധിപനോ നേതാവോ ആകട്ടെ—ഞാൻ ഛേദിച്ചുകളയും. ഒരുവൻ ചപ്പുചവറുകൂമ്പാരം കത്തിച്ചുകളയുംപോലെ ഞാൻ യൊരോബെയാമിന്റെ രാജവംശത്തെ നിശ്ശേഷം ദഹിപ്പിച്ചുകളയും. 11 യൊരോബെയാമിന്റെ സന്തതികളിൽ നഗരത്തിൽവെച്ചു മരിക്കുന്നവരെ നായ്ക്കൾ തിന്നും; നാട്ടിൻപുറത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവകൾക്കു ഭക്ഷണമായിത്തീരും. യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു!’
12 “അതിനാൽ, നീ വീട്ടിലേക്കു മടങ്ങിപ്പോകുക. നീ നഗരത്തിൽ കാൽ ചവിട്ടുമ്പോൾ ബാലൻ മരിക്കും. 13 എല്ലാ ഇസ്രായേലും അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും. യൊരോബെയാമിന്റെ സന്തതികളിൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്ന ഒരേയൊരാൾ അവനായിരിക്കും. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാമിന്റെ കുടുംബത്തിൽ എന്തെങ്കിലും പ്രസാദകരമായത് കണ്ടിട്ടുള്ളത് അവനിൽമാത്രമാണ്.
14 “എല്ലാറ്റിലുമുപരി, യഹോവ ഇസ്രായേലിൽ ഒരു രാജാവിനെ ഉയർത്തും; അദ്ദേഹം യൊരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും. ഇതാണ് ആ ദിവസം. അതേ, ഇപ്പോൾത്തന്നെ.† ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. 15 ഇസ്രായേൽ അശേരാപ്രതിഷ്ഠകൾ‡ അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. നിർമിച്ച് യഹോവയെ കോപിപ്പിച്ചതിനാൽ അവർ വെള്ളത്തിൽ ഇളകുന്ന ഞാങ്ങണപോലെ ആയിത്തീരത്തക്കവണ്ണം യഹോവ അവരെ പ്രഹരിക്കും; അവരുടെ പൂർവികർക്ക് അവിടന്നു നൽകിയ ഈ നല്ല ദേശത്തുനിന്നും യഹോവ അവരെ പിഴുതെടുത്ത് യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ചിതറിച്ചുകളയുകയും ചെയ്യും. 16 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ചതുമായ പാപങ്ങൾനിമിത്തം യഹോവ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
17 പിന്നെ, യൊരോബെയാമിന്റെ ഭാര്യ യാത്രതിരിച്ച് തിർസ്സയിലെത്തി. അവൾ അരമനയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ ബാലൻ മരിച്ചു. 18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ അവർ അവനെ സംസ്കരിച്ചു; സകല ഇസ്രായേലും അവനുവേണ്ടി വിലപിച്ചു.
19 യൊരോബെയാമിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹം നടത്തിയ യുദ്ധങ്ങൾ, ഭരണനിർവഹണം തുടങ്ങിയവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെയും ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 20 യൊരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; അതിനുശേഷം, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ നാദാബ് അദ്ദേഹത്തിനുപകരം രാജാവായി സ്ഥാനമേറ്റു ഭരണംനടത്തി.
യെഹൂദാരാജാവായ രെഹബെയാം
21 ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു.
22 യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു. 23 അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു. 24 ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു.
25 രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. 26 യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. 27 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. 28 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
29 രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 30 രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 31 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം§ 2 ദിന. 12:16 പിതാവിനു പകരം രാജാവായി.