ബോവസും ബന്ധുവും
4
നഗരവാതില്‍ക്കല്‍ ജനം കൂടുന്നയിടത്തേക്കു ബോവസ് പോയി. ബോവസ് മുന്പു സൂചിപ്പിച്ച ഉറ്റബന്ധു കടന്നു പോകുന്നതു വരെ അയാള്‍ അവിടെ ഇരുന്നു. ബോവസ് അയാളോടു പറഞ്ഞു, “ഇവിടെ വന്ന് ഇരിക്കൂ സ്നേഹിതാ!”
ബോവസ് കുറെ സാക്ഷികളെയും വിളിച്ചു കൂട്ടി. ബോവസ് വിളിച്ചു കൂട്ടിയത് പട്ടണത്തിലെ മൂപ്പന്മാരില്‍ പത്തു പേരെ ആയിരുന്നു. അയാള്‍ അവരോടു പറഞ്ഞു, “ഇവിടെ ഇരിക്കൂ!”അവര്‍ അവിടെ ഇരുന്നു.
അപ്പോള്‍ ബോവസ് ഉറ്റബന്ധുവിനോടു പറഞ്ഞു, “നൊവൊമി മോവാബുദേശത്തു നിന്ന് മടങ്ങി വന്നിട്ടുണ്ട്. അവള്‍ നമ്മുടെ ബന്ധുവായ എലീമേലെക്കിന്‍റെ വക ഭൂമി വില്‍ക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെയും എന്‍റെ ജനത്തിലെ മൂപ്പന്മാരുടെയും മുന്പില്‍ വച്ച് ഇതു നിന്നെ അറിയിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. നീ അത് വീണ്ടെടുക്കുന്നെങ്കില്‍ വീണ്ടെടുക്കുക! നീ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ എന്നോടു പറയുക. എനിക്കറിയാം, നീ കഴിഞ്ഞാല്‍ ആ ഭൂമി വീണ്ടെടുക്കേണ്ട അടുത്തയാള്‍ ഞാനാണ്. നീ ആ ഭൂമി വിലയ്ക്കു വാങ്ങുന്നില്ലെങ്കില്‍ ഞാന്‍ വാങ്ങാം.”
ബോവസ് വീണ്ടും പറഞ്ഞു, “നൊവൊമിയില്‍നിന്ന് ആ ഭൂമി വാങ്ങുകയാണെങ്കില്‍ മരിച്ചവന്‍റെ ഭാര്യയായ രൂത്ത് എന്ന വിധവയായ മോവാബ്യസ്ത്രീയെ നിനക്കു ഭാര്യയായി ലഭിക്കും. രൂത്തിന് ഒരു കുട്ടിയുണ്ടാകുന്പോള്‍ ഭൂമി ആ കുട്ടിക്കു ലഭിക്കും. അങ്ങനെ ആ ഭൂമി മരിച്ചയാളുടെ കുടുംബത്തില്‍ തന്നെ നിലനില്‍ക്കും.”
ഉറ്റബന്ധു ഉത്തരം പറഞ്ഞു, “എനിക്ക് ആ സ്ഥലം വീണ്ടെടുക്കാനാവില്ല. സ്ഥലം എന്‍റേതാകുമായിരിക്കും. പക്ഷേ അത് വിലയ്ക്കു വാങ്ങാനെനിക്കാവില്ല. ഞാന്‍ അതു ചെയ്താല്‍ എനിക്ക് എന്‍റെ സ്വന്തം ഭൂമി നഷ്ടപ്പെടും. അതിനാല്‍ നീ ആ ഭൂമി വാങ്ങുക.” (പഴയകാലത്ത് യിസ്രായേലില്‍ ഒരാചാരം ഉണ്ടായിരുന്നു. ആളുകള്‍ ഭൂമി വാങ്ങുകയോ വീണ്ടെടുക്കുകയോ ചെയ്യുന്പോള്‍, ഒരാള്‍ തന്‍റെ ചെരുപ്പ് ഊരി മറ്റേയാള്‍ക്ക് കൊടുക്കണം. ഇതായിരുന്നു അവരുടെ ക്രയവിക്രയത്തിനുള്ള തെളിവ്.) അതുകൊണ്ട് ഉറ്റബന്ധു പറഞ്ഞു, “വസ്തു വിലയ്ക്കു വാങ്ങൂ.”അയാള്‍ തന്‍റെ ചെരുപ്പൂരി ബോവസിനു നല്‍കി.
അപ്പോള്‍ ബോവസ് അവിടെ കൂടിയിരുന്ന മൂപ്പന്മാരോടും മറ്റെല്ലാവരോടുമായി പറഞ്ഞു, “നൊവൊമിയുടെ കയ്യില്‍നിന്ന്, എലീമേലെക്ക്, കില്യോന്‍, മഹ്ലോന്‍ എന്നിവര്‍ക്കുള്ളതെല്ലാം ഞാന്‍ വാങ്ങാന്‍ പോകുന്നു എന്നതിന് നിങ്ങള്‍ സാക്ഷികളാകുന്നു. 10 രൂത്തിനെ ഭാര്യയായും ഞാന്‍ വാങ്ങുന്നു. മരിച്ചയാളുടെ സ്വത്ത് അയാളുടെ കുടുംബത്തില്‍ തന്നെ നിലനില്‍ക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഈ ഇടപാടിലൂടെ മരിച്ചവന്‍റെ പേര് അയാളുടെ കുടുംബത്തില്‍ നിന്നും ദേശത്തില്‍നിന്നും അറ്റുപോകുകയില്ല. നിങ്ങളാണ് ഇതിനെല്ലാം സാക്ഷികള്‍.”
11 അങ്ങനെ നഗരവാതില്‍ക്കല്‍ ഉണ്ടായിരുന്ന എല്ലാ ജനങ്ങളും മൂപ്പന്മാരും അതിന് സാക്ഷികളായി. അവര്‍ പറഞ്ഞു,
“യഹോവ നിന്‍റെ ഭവനത്തിലേക്കു വരുന്ന ഈ സ്ത്രീയെ, യിസ്രായേലിന്‍റെ ഭവനം നിര്‍മ്മിച്ച രാഹേലിനെയും ലേയയേയുംപോലെ ആക്കട്ടെ. നീ എഫ്രാത്തയില്‍ മേധാശക്തിയുള്ളവനും ബേത്ത്ലേഹെമില്‍ പ്രശസ്തനും ആയി ഭവിക്കട്ടെ!
12 താമാര്‍ യെഹൂദയുടെ പുത്രന്‍ ഫേരെസിന് ജന്മം നല്‍കി. അങ്ങനെ അവന്‍റെ കുടുംബം മഹത്തരമാകുകയും ചെയ്തു. അതുപോലെ തന്നെ രൂത്തിലൂടെ യഹോവ നിനക്കും അനേകം സന്താനങ്ങളെ നല്‍കട്ടെ. അങ്ങനെ നിന്‍റെ കുടുംബവും മഹത്തരമാകട്ടെ.”
13 അങ്ങനെ ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. യഹോവ അവള്‍ക്കു ഗര്‍ഭം നല്‍കുകയും ഒരു പുത്രനെ കൊടുക്കുകയും ചെയ്തു. 14 അപ്പോള്‍ പട്ടണത്തിലെ സ്ത്രീകള്‍ നൊവൊമിയോടു പറഞ്ഞു,
“നിനക്ക് ഈ കുഞ്ഞിനെ തന്ന യഹോവ വാഴ്ത്തപ്പെട്ടവനാകുന്നു. ഇവന്‍ യിസ്രായേലില്‍ പ്രസിദ്ധനാകും.
15 ഈ കുഞ്ഞ് നിനക്ക് വീണ്ടും ജീവിതം തരും! വാര്‍ദ്ധക്യത്തില്‍ നിന്നെ ശുശ്രൂഷിക്കും. നിന്‍റെ പുത്രഭാര്യയാണല്ലോ ഇവനെ പ്രസവിച്ചത്. അവള്‍ നിനക്കു വേണ്ടിയാണ് ഈ കുട്ടിയെ പ്രസവിച്ചത്. അവള്‍ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാള്‍ ഇവള്‍ നിനക്ക് ഉത്തമയാണ്.”
16 നൊവൊമി കുഞ്ഞിനെ തന്‍റെ കരങ്ങളില്‍ എടുക്കുകയും അവന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 17 അയല്‍ക്കാര്‍ അവന് പേരിട്ടു. ആ സ്ത്രീകള്‍ പറഞ്ഞു, “ഈ കുഞ്ഞ് നൊവൊമിക്ക് വേണ്ടി പിറന്നതാണ്.”അയല്‍ക്കാരികള്‍ ഓബേദ് എന്ന് അവന് പേരിട്ടു. യിശ്ശായിയുടെ പിതാവായിരുന്നു ഓബേദ്. ദാവീദിന്‍റെ പിതാവായിരുന്നു യിശ്ശായി.
രൂത്തും ബോവസിന്‍റെ കുടുംബവും
18 ഫെരെസിന്‍റെ കുടുംബചരിത്രം ഇതാണ്: ഫെരെസ് ഹെസ്രോന്‍റെ പിതാവായിരുന്നു.
19 ഹെസ്രോന്‍ രാമിന്‍റെ പിതാവായിരുന്നു. രാം അമ്മീനാദാബിന്‍റെ പിതാവായിരുന്നു.
20 അമ്മീനാദാബ് നഹശോന്‍റെ പിതാവായിരുന്നു. നഹശോന്‍ സല്‍മോന്‍റെ പിതാവായിരുന്നു.
21 സല്‍മോന്‍ ബോവസിന്‍റെ പിതാവായിരുന്നു. ബോവസ് ഓബേദിന്‍റെ പിതാവായിരുന്നു.
22 ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു. യിശ്ശായി ദാവീദിന്‍റെ പിതാവായിരുന്നു.