രൂത്ത്
യെഹൂദയിലെ ക്ഷാമം
1
1 പണ്ടുകാലത്ത് ന്യായാധിപന്മാര്‍ ഭരിച്ചിരുന്നപ്പോള്‍ നാട്ടില്‍ ആഹാരത്തിനു ക്ഷാമമുണ്ടായി. എലീമേലെക്ക് എന്നു പേരായ ഒരാള്‍ യെഹൂദയിലെ ബേത്ത്ലേഹെം വിട്ടു.
2 അയാളും അയാളുടെ ഭാര്യയും രണ്ടു പുത്രന്മാരും മോവാബിലെ മലന്പ്രദേശത്തേക്കു പോയി. എലീമേലെക്കിന്‍റെ ഭാര്യയുടെ പേര് നൊവൊമി എന്നും അയാളുടെ പുത്രന്മാരുടെ പേരുകള്‍ മഹ്ലോന്‍ എന്നും കില്യോന്‍ എന്നും ആയിരുന്നു. അവര്‍ യെഹൂദയിലെ ബേത്ത്ലേഹെമിലുള്ള എഫ്രാത്ത്കുടുംബത്തിലെ അംഗങ്ങളായിരുന്നു. ആ കുടുംബം മലന്പ്രദേശമായ മോവാബു ദേശത്തുചെന്ന് അവിടെ താമസിച്ചു.
3 നാളുകള്‍ കഴിഞ്ഞപ്പോള്‍ നൊവൊമിയുടെ ഭര്‍ത്താവ് എലീമേലെക്ക് മരിച്ചു. അങ്ങനെ നൊവൊമിയും അവളുടെ രണ്ടു പുത്രന്മാരും ശേഷിച്ചു.
4 പുത്രന്മാര്‍ മോവാബുദേശത്തുള്ള സ്ത്രീകളെ വിവാഹം കഴിച്ചു. ഒരാളിന്‍റെ പേര് ഒര്‍പ്പാ, മറ്റേയാള്‍ രൂത്ത്. അവര്‍ മോവാബുദേശത്തു പത്തു വര്‍ഷത്തോളം താമസിച്ചു.
5 പിന്നെ മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ നൊവൊമി ഭര്‍ത്താവും പുത്രന്മാരും നഷ്ടപ്പെട്ട് ഏകയായി.
നൊവൊമി മാതൃദേശത്തേക്കു മടങ്ങുന്നു
6 നൊവൊമി മോവാബിലെ മലന്പ്രദേശത്തായിരുന്നപ്പോള്‍ യഹോവ തന്‍റെ ജനങ്ങളെ സഹായിച്ചതായി അവള്‍ കേട്ടു. യഹോവ യെഹൂദയിലെ ജനങ്ങള്‍ക്കു ഭക്ഷണം നല്‍കി. അതുകൊണ്ട് നൊവൊമി മോവാബ്ദേശത്തു നിന്നും മടങ്ങിപ്പോരാന്‍ നിശ്ചയിച്ചു. അവളുടെ പുത്രഭാര്യമാരും അവളോടൊപ്പം പോരാന്‍ നിശ്ചയിച്ചു.
7 അവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും യെഹൂദാദേശത്തേക്കു യാത്ര തിരിച്ചു.
8 നൊവൊമി അവളുടെ പുത്രഭാര്യമാരോടു പറഞ്ഞു, “നിങ്ങളോരോരുത്തരും നിങ്ങളുടെ മാതൃഭവനത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളുക. നിങ്ങള്‍ എന്നോടും എന്‍റെ മരിച്ചുപോയ പുത്രന്മാരോടും വളരെ കരുണയോടെയാണ് പെരുമാറിയത്. അതുകൊണ്ട് യഹോവയും നിങ്ങളോടു കരുണകാട്ടട്ടെ.
9 നിങ്ങള്‍ ഇരുവര്‍ക്കും ഓരോ ഭര്‍ത്താക്കന്മാരും നല്ല ഭര്‍ത്തൃഭവനവും ലഭിക്കട്ടെ എന്നു ഞാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കാം.”നൊവൊമി അവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞു.
10 അപ്പോള്‍ പുത്രഭാര്യമാര്‍ പറഞ്ഞു, “ഞങ്ങള്‍ അമ്മയോടൊത്ത് അമ്മയുടെ ആളുകളുടെ അടുത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നു.”
11 എന്നാല്‍ നൊവൊമി പറഞ്ഞു, “വേണ്ട, പുത്രിമാരേ നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലേക്കു പോകുക. നിങ്ങള്‍ എന്തിന് എന്നോടൊപ്പം വരുന്നു? എനിക്കു നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരാകാന്‍ ഇനിയും പുത്രന്മാര്‍ എനിക്കില്ല.
12 നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുക. ഞാന്‍ വൃദ്ധയായതിനാല്‍ എനിക്ക് ഒരു ഭര്‍ത്താവ് ഇനി ഉണ്ടാകില്ല. ഇനിയും വിവാഹം കഴിക്കാമെന്നു ഞാന്‍ ചിന്തിച്ചാലും എനിക്കു നിങ്ങളെ സഹായിക്കാനാവില്ല. ഈ രാത്രിയില്‍ തന്നെ ഞാന്‍ ഗര്‍ഭം ധരിച്ച് രണ്ടു പുത്രന്മാരെ പ്രസവിച്ചാലും നിങ്ങള്‍ക്കു അതു സഹായമാകില്ല.
13 അവര്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കേണ്ടിവരും. അത്രയും കാലം നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി കാത്തിരിക്കുന്നത് എനിക്കു ദുഃഖമുണ്ടാക്കുന്നു. ഞാന്‍ ഇപ്പോള്‍ത്തന്നെ ദുഃഖിതയാണ് - യഹോവ ആവശ്യത്തിനു ദുഃഖങ്ങള്‍ എനിക്കു തന്നിട്ടുണ്ട്!”
14 അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു. അപ്പോള്‍ ഒര്‍പ്പാ നൊവൊമിയെ ചുംബിച്ച് അവിടെ നിന്നു പോയി. പക്ഷേ രൂത്ത് അവളെ കെട്ടിപ്പിടിച്ച് അവളോടൊപ്പം തങ്ങി.
15 നൊവൊമി പറഞ്ഞു, “നോക്കൂ, നിന്‍റെ ഭര്‍ത്തൃസഹോദരഭാര്യ അവളുടെ ജനങ്ങളുടെയും ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോയി. അതുകൊണ്ട് നീയും അതുപോലെ ചെയ്യുക.”
16 പക്ഷേ രൂത്ത് പറഞ്ഞു, “അമ്മയെ വിട്ടുപോകാന്‍ എന്നെ നിര്‍ബന്ധിക്കരുത്! എന്‍റെ ജനങ്ങളുടെ അടുത്തേക്കു പോകാനും എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ അമ്മയുടെ കൂടെ വരുന്നു. നീ എവിടെ പോകുന്നുവോ അവിടെ ഞാനും വരും. നീ ഉറങ്ങുന്നിടത്ത് ഞാനും ഉറങ്ങും. നിന്‍റെ ജനം എന്‍റെയും ജനം ആയിരിക്കും. നിന്‍റെ ദൈവം എന്‍റെയും ദൈവം ആയിരിക്കും.
17 നീ മരിക്കുന്നത് എവിടെയോ അവിടെ ഞാനും മരിക്കും. നിന്നെ സംസ്കരിക്കുന്നതെവിടെയോ അവിടെ ഞാനും സംസ്കരിക്കപ്പെടും. എന്‍റെ ഈ ദൃഢനിശ്ചയം ഞാന്‍ പാലിച്ചില്ലെങ്കില്‍ യഹോവ എന്നെ ശിക്ഷിക്കട്ടെ. മരണം മാത്രമേ നമ്മെ വേര്‍പിരിക്കൂ.”
മടങ്ങിവരവ്
18 രൂത്ത് തന്നോടൊപ്പം വരാന്‍ വളരെ ആഗ്രഹിക്കുന്നു എന്ന് നൊവൊമിക്കു മനസ്സിലായി. പിന്നെ അവള്‍ തര്‍ക്കിക്കാന്‍ പോയില്ല.
19 നൊവൊമിയും രൂത്തും ബേത്ത്ലേഹെമില്‍ എത്തുംവരെ യാത്ര ചെയ്തു. രണ്ടു സ്ത്രീകളും ബേത്ത്ലേഹെമില്‍ എത്തിയപ്പോള്‍ അവരെ കണ്ട് അവിടത്തെ ജനം ഇളകിമറിഞ്ഞു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു, “ഇത് നൊവൊമിയല്ലേ?”
20 പക്ഷേ നൊവൊമി ജനങ്ങളോടു പറഞ്ഞു, “എന്നെ നൊവൊമി എന്നു വിളിക്കരുത്, മാറാ എന്നു വിളിക്കൂ, കാരണം സര്‍വ്വശക്തനായ ദൈവം എന്‍റെ ജീവിതം വളരെ ദുഃഖകരമാക്കി.
21 ഞാന്‍ ഇവിടെനിന്നും പോകുന്പോള്‍ എനിക്ക് എല്ലാം ഉണ്ടായിരുന്നു. പക്ഷേ യഹോവ ഒന്നുമില്ലാത്തവളാക്കി എന്നെ തിരികെ കൊണ്ടുവന്നു. സര്‍വ്വശക്തനായ ദൈവം എനിക്കു ദുഃഖം തന്നു, പിന്നെ എന്തിനാണ് എന്നെ “നൊവൊമി”എന്നു വിളിക്കുന്നത്?”
22 ഇങ്ങനെ നൊവൊമിയും അവളുടെ പുത്രഭാര്യ രൂത്ത് എന്ന മോവാബ്യസ്ത്രീയും മോവാബുദേശത്തില്‍നിന്നും മടങ്ങി വന്നു. ഈ രണ്ടു സ്ത്രീകളും യെഹൂദയിലെ ബേത്ത്ലേഹെമില്‍ യവം കൊയ്തു തുടങ്ങുന്ന കാലത്ത് അവിടെ എത്തി.