നെഹെമ്യാവ് പാവങ്ങളെ സഹായിക്കുന്നു
5
1 പാവങ്ങളായ ധാരാളം പേര്‍ അവരുടെ യെഹൂദകസഹോദരങ്ങളെപ്പറ്റി പരാതിപ്പെട്ടു തുടങ്ങി.
2 ചിലര്‍ പറയുന്നുണ്ടായിരുന്നു, “ഞങ്ങള്‍ക്കു മക്കള്‍ അനവധിയാണ്. എല്ലാവരും എന്തെങ്കിലും തിന്നു പൊറുക്കണമെങ്കില്‍ അല്പം ധാന്യം കിട്ടണം!”
3 വേറെ ചിലര്‍ പറയുന്നുണ്ടായിരുന്നു, ഇത് വറുതിയുടെ കാലമാണ്. ധാന്യം കിട്ടേണ്ടതിനു ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോപ്പുകളും വീടുകളും പണയം വെയ്ക്കേണ്ടി വന്നിരിക്കുന്നു.”
4 ഇനിയും ചിലര്‍ പറയുന്നുണ്ടായിരുന്നു, “ഞങ്ങളുടെ നിലങ്ങള്‍ക്കും മുന്തിരിത്തോപ്പുകള്‍ക്കും രാജാവിന് നികുതി കൊടുക്കേണ്ടതുണ്ട്. എന്നാല്‍ അതിനു ഞങ്ങള്‍ക്കു ഗതിയില്ലാത്തതു കൊണ്ട് നികുതി അടയ്ക്കാന്‍ പണം കടം വാങ്ങേണ്ടിവരുന്നു.
5 (ആ ധനികരെ നോക്കൂ!) അവരോടൊപ്പം നല്ലവരാണു ഞങ്ങള്‍. അവരുടെ പുത്രന്മാരോളം തന്നെ നല്ലവരാണു ഞങ്ങളുടെ പുത്രന്മാര്‍. എങ്കിലും ഞങ്ങള്‍ക്കു സ്വന്തം പുത്രന്മാരെയും പുത്രിമാരെയും അടിമകളായി വില്‍ക്കേണ്ടിവന്നിരിക്കുന്നു! ഞങ്ങള്‍ നിവൃത്തികെട്ടിരിക്കുന്നു. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോപ്പുകളും ഇപ്പോഴേ അന്യാധീനപ്പെട്ടിരിക്കുന്നു!”
6 അവരുടെ പരാതികള്‍ കേട്ടപ്പോള്‍ ഞാന്‍ അത്യന്തം കോപിച്ചു.
7 സ്വയം ശാന്തനാക്കിയതിനുശേഷം ഞാന്‍ ധനികകുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും കണ്ട് ഇങ്ങനെ പറഞ്ഞു, “നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാര്‍ക്കു കൊടുത്ത വായ്പയ്ക്കു ബലമായി പലിശ ഈടാക്കുന്നുവല്ലോ! (അതു നിര്‍ത്തുക).”
8 പിന്നെ ഞാന്‍ സകലരെയും ചേര്‍ത്ത് ഒരു മഹായോഗം വിളിച്ചു. എന്നിട്ട് അവരോടു പറഞ്ഞു, “നമ്മുടെ യെഹൂദസഹോദരന്മാര്‍ മുന്പേ പുറംരാജ്യക്കാര്‍ക്ക് അടിമകളായി വില്‍ക്കപ്പെട്ടിരുന്നു. അവരെ തിരിച്ചു വാങ്ങി മോചിപ്പിക്കാന്‍ നമ്മളാല്‍ ആവുന്നതു നാം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ വീണ്ടും നിങ്ങള്‍ അടിമകളെപ്പോലെ വില്‍ക്കുകയാണല്ലോ!”
അവിടെക്കൂടിയ ധനികരും ഉദ്യോഗസ്ഥരും ഒന്നും പറയാന്‍ കിട്ടാതെ മൌനം പാലിച്ചു.
9 അപ്പോള്‍ ഞാന്‍ വീണ്ടും പറഞ്ഞു, “നിങ്ങള്‍ ഈ ചെയ്യുന്നതു ശരിയല്ല! ദൈവത്തെ ഭയപ്പെടുകയും മാനിക്കുകയും വേണമെന്ന് നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അന്യര്‍ ചെയ്യുന്ന നാണംകെട്ട പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യരുത്!
10 എന്‍റെ ആള്‍ക്കാരും എന്‍റെ സഹോദരങ്ങളും ഞാനും പണവും ധാന്യവും കടം കൊടുക്കാറുണ്ട്. എന്നാല്‍ ആ കടത്തിന്മേല്‍ ബലമായി പലിശ പിരിക്കുന്നതു നമുക്കു നിര്‍ത്താം!
11 കടക്കാരുടെ നിലങ്ങളും മുന്തിരിത്തോപ്പുകളും ഒലീവുവയലുകളും വീടുകളും അവര്‍ക്കു തിരിച്ചു കൊടുക്കുക. ഇപ്പോള്‍ത്തന്നെ! കടം കൊടുത്ത പണത്തിനും ധാന്യത്തിനും പുതുവീഞ്ഞിനും എണ്ണയ്ക്കും നിങ്ങള്‍ പിരിച്ച ഒരു ശതമാനം പലിശയും തിരിച്ചു കൊടുക്കുക!”
12 അപ്പോള്‍ ധനികരും ഉദ്യോഗസ്ഥരും പറഞ്ഞു, “ഞങ്ങള്‍ അതു തിരിച്ചു കൊടുക്കാം. കൂടുതലൊന്നും അവരോടു ചോദിക്കയുമില്ല. നെഹെമ്യാവേ നീ പറയുന്പോലെ ഞങ്ങള്‍ ചെയ്തു കൊള്ളാം.”
അപ്പോള്‍ ഞാന്‍ പുരോഹിതരെ വിളിച്ചു സാക്ഷി നിര്‍ത്തി ധനികരും ഉദ്യോഗസ്ഥരും ചെയ്യാമെന്നു സ്വയം ഏറ്റത് ദൈവത്തോടു സത്യം ചെയ്യിച്ചു.
13 പിന്നെ ഞാന്‍ എന്‍റെ ഉടുപ്പിലെ ഞൊറികള്‍ കുടഞ്ഞിട്ടു പറഞ്ഞു, “വാക്കുപാലിക്കാത്ത ഓരോരുത്തനോടും ദൈവം ഇതു തന്നെ ചെയ്യും. ദൈവം അങ്ങനെയുള്ളവരെ അവരുടെ വീട്ടില്‍നിന്നും സാന്പാദ്യത്തില്‍നിന്നും ഇതുപോലെ കുടഞ്ഞുകളയും. അത്തരത്തിലുള്ളവന് സര്‍വ്വവും നഷ്ടമാവും!”
ഞാന്‍ ഇതു പറഞ്ഞപ്പോള്‍ അവിടെക്കൂടിയ ഏവരും അതിനോടു യോജിച്ചു. അവര്‍ “ആമേന്‍”എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. സത്യം ചെയ്തത് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
14 അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ഭരണവര്‍ഷം മുതല്‍ മുപ്പത്തിരണ്ടാം ഭരണവര്‍ഷം വരെ പന്ത്രണ്ടു കൊല്ലം ഞാന്‍ യെഹൂദയിലെ ഭരണാധികാരിയായി നിയമിതനായിരുന്ന കാലത്ത് ഒരിക്കല്‍ പോലും ഞങ്ങള്‍ക്കനുവദിച്ചുതന്ന ഭക്ഷണം ഞാനോ എന്‍റെ സഹോദരന്മാരോ തിന്നിട്ടില്ല. (ഭക്ഷണം വാങ്ങാനുള്ള പണം ജനങ്ങളില്‍നിന്ന് നികുതിയായി ഒരിക്കലും ഞാന്‍ ബലമായി പിടിച്ചു വാങ്ങിയില്ല.)
15 എനിക്കുമുന്പുള്ള ദേശവാഴികള്‍ ജനങ്ങള്‍ക്ക് ഒരു ഭാരമായിരുന്നു. ഒരാളില്‍ നിന്ന് നാല്പതു ശേക്കല്‍വീതം വെള്ളിയും പുറമെ ഭക്ഷണവും വീഞ്ഞും അവര്‍ ബലമായി പിരിച്ചിരുന്നു. അവരുടെ കീഴിലുള്ള പ്രമാണിമാരും ജനങ്ങളെ ഭരിക്കുകയും അവരുടെ ജീവിതം വിഷമകരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവത്തെ മാനിക്കുകയും പേടിക്കുകയും ചെയ്ത ഞാന്‍ അത്തരം കാര്യങ്ങളൊന്നും ചെയ്തില്ല.
16 അതേ സമയം യെരൂശലേമിന്‍റെ മതില്‍ പണിയുന്നതിനുവേണ്ടി ഞാന്‍ അത്യദ്ധ്വാനം ചെയ്തു. എന്‍റെ ആളുകള്‍ മുഴുവന്‍ അവിടെ ഒത്തുകൂടി ആ പണിയില്‍ പങ്കു കൊണ്ടു. ആരുടെ നിലവും അതിനായി ഞങ്ങള്‍ എടുത്തില്ല!
17 കൂടാതെ എന്‍റെ തീന്‍മേശയില്‍ എന്നും സ്വാഗതമുണ്ടായിരുന്ന 150 യെഹൂദന്മാരെ ഞാന്‍ അന്നം ഊട്ടിപ്പോന്നു. ചുറ്റുമുള്ള രാജ്യങ്ങളില്‍നിന്ന് ഞങ്ങളുടെ അടുത്തു വന്നവര്‍ക്കും അന്നം കൊടുത്തു.
18 എന്‍റെ തീന്‍മേശയില്‍ പങ്കുകൊള്ളുന്നവര്‍ക്കു വേണ്ടി ഒരു പശുവിനെയും ആറു നല്ല ആടുകളെയും പലതരം പക്ഷികളെയും നിത്യേന പാകം ചെയ്യുമായിരുന്നു. പത്തു ദിവസത്തിലൊരിക്കല്‍ തെറ്റാതെ പലതരം വീഞ്ഞും വിളന്പിയിരുന്നു. എന്നിട്ടും ദേശവാഴിക്കുള്ള ഭക്ഷണം ഞാന്‍ ആവശ്യപ്പെട്ടില്ല. (എന്‍റെ ആഹാരത്തിനുള്ള ചെലവ് നികുതിയായി തരാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബ്ബന്ധിച്ചുമില്ല). ജനങ്ങള്‍ എടുത്ത പ്രവൃത്തി അതികഠിനമാണെന്നു ഞാന്‍ അറിഞ്ഞിരുന്നു.
19 ദൈവമേ, ഇവര്‍ക്കുവേണ്ടി ഞാന്‍ ചെയ്ത നല്ല കാര്യങ്ങള്‍ അങ്ങും ഓര്‍ക്കേണമേ.