നെഹമ്യാവ്
നെഹമ്യാവിന്‍റെ പ്രാര്‍ത്ഥന
1
ഹഖല്യാവിന്‍റെ മകന്‍ നെഹെമ്യാവ് പറഞ്ഞ വാക്കുകളാണിവ. നെഹെമ്യാവ് എന്ന ഞാന്‍ കിസ്ളേവ് മാസത്തില്‍ തലസ്ഥാനനഗരമായ ശൂശനിലായിരുന്നു. അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ഭരണവര്‍ഷമായിരുന്നു അത്.
ഞാന്‍ ശൂശനിലായിരുന്നപ്പോള്‍ എന്‍റെ സഹോദരന്മാരില്‍ ഒരുവനായ ഹനാനിയും വേറെ ചിലരും യെഹൂദയില്‍നിന്ന് അവിടെ വന്നു. അവരോടു ഞാന്‍ അവിടെ വസിക്കുകയായിരുന്ന യെഹൂദരെപ്പറ്റി ചോദിച്ചു. തടവില്‍നിന്നു രക്ഷപെടുകയും അപ്പോഴും യെഹൂദയില്‍ വസിക്കുകയും ചെയ്യുകയായിരുന്ന യെഹൂദരായിരുന്നു അവര്‍. യെരൂശലേം നഗരത്തെപ്പറ്റിയും ഞാന്‍ അവരോടു ചോദിച്ചു.
ഹനാനിയും കൂടെയുള്ളവരും മറുപടി പറഞ്ഞു, “നെഹെമ്യാവേ, തടവില്‍നിന്നു രക്ഷപ്പെട്ട് യെഹൂദയില്‍ത്തന്നെ താമസിക്കുന്ന യെഹൂദര്‍ വളരെ കുഴപ്പത്തിലാണ്. അവര്‍ വലിയ പ്രശ്നങ്ങളിലും നാണക്കേടിലുമാണ്. എന്തെന്നാല്‍, യെരൂശലേമിന്‍റെ മതില്‍ ഇടിഞ്ഞുവീണും വാതിലുകള്‍ തീയിലെരിഞ്ഞും കിടക്കുന്നു.”
യെരൂശലേംകാരെപ്പറ്റിയും മതിലിനെപ്പറ്റിയും ഇപ്രകാരം കേട്ടപ്പോള്‍ ഞാന്‍ മനസ്സു കലങ്ങി ഇരുന്നു കരഞ്ഞു. ഉപവസിച്ചും സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുംകൊണ്ട് കുറേ ദിവസങ്ങള്‍ കഴിച്ചു. പിന്നെ ഞാന്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു,
സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവേ, മഹാനും ശക്തനുമായ ദൈവം നീയാണല്ലോ. നിന്നെ സ്നേഹിക്കുകയും നിന്‍റെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവരോടു സ്നേഹത്തിന്‍റെ കരാര്‍ പാലിക്കുന്ന ദൈവം നീയാണല്ലൊ.
രാവും പകലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന നിന്‍റെ ഈ ദാസന്‍റെ പ്രാര്‍ത്ഥന ശ്രദ്ധിക്കുവാന്‍ ദയവായി കണ്ണും കാതും തുറക്കേണമേ. നിന്‍റെ ദാസരായ യിസ്രായേലുകാര്‍ക്കു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഞങ്ങള്‍, യിസ്രായേല്‍ജനത നിന്നോടു ചെയ്ത എല്ലാ പാപങ്ങളും ഞാന്‍ ഏറ്റുപറഞ്ഞു കൊള്ളുന്നു. ഞാനും എന്‍റെ പിതാവിന്‍റെ കുടുംബവും നിന്നോടു പാപം ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഏറ്റുപറഞ്ഞു കൊള്ളുന്നു. ഞങ്ങള്‍,യിസ്രായേല്‍ജനത, നിന്നോടു നിന്ദ്യമായി പെരുമാറിയിരിക്കുന്നു. നിന്‍റെ ദാസനായ മോശെയ്ക്കു നീ നല്‍കിയ കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ അനുസരിച്ചിട്ടില്ല.
നിന്‍റെ ദാസനായ മോശെയ്ക്കു നീ നല്‍കിയ ശാസനകള്‍ ദയവായി ഓര്‍ക്കേണമേ, നീ മോശെയോട് ഇങ്ങനെ പറഞ്ഞുവല്ലോ, “നിങ്ങള്‍ യിസ്രായേല്‍ജനത വിശ്വസ്തരല്ലെങ്കില്‍ ഞാന്‍ നിങ്ങളെ മറ്റു രാഷ്ട്രങ്ങള്‍ക്കിടയിലേക്കു ചിതറിച്ചുകളയും. എന്നാല്‍ നിങ്ങള്‍ യിസ്രായേലുകാര്‍ എന്നിലേക്കു തിരിച്ചുവരികയും എന്‍റെ കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍, ചിതറിപ്പോയവരെ ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും-ഭൂമിയുടെ അറ്റത്തുനിന്നായാലും- എന്‍റെ നാമം സ്ഥാപിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ദേശത്ത്, ഞാന്‍ തിരിച്ചുകൊണ്ടുവന്നു ചേര്‍ക്കും.”
10 നിന്‍റെ ദാസന്മാരും നിന്‍റെ ജനവുമാണല്ലൊ യിസ്രായേലുകാര്‍. നീ നിന്‍റെ മഹാശക്തി ഉപയോഗിച്ച് അവരെ മോചിപ്പിച്ചു. 11 അതുകൊണ്ട് യഹോവേ, നിന്‍റെ ഈ ദാസന്‍റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. നിന്‍റെ നാമത്തോട് ആദരവു കാണിക്കാനാഗ്രഹിക്കുന്ന ദാസന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. യഹോവേ, ഞാന്‍ രാജാവിന്‍റെ പാനപാത്രം എടുക്കുന്നവനാണെന്നു നിനക്കറിവുള്ളതാണല്ലൊ. അതിനാല്‍ ഞാന്‍ ഇന്ന് രാജാവിനോടു സഹായം തേടുന്പോള്‍ നീ എന്നെ സഹായിക്കേണമേ. രാജാവിനെ സന്തോഷിപ്പിക്കുന്നതില്‍ എനിക്കു വിജയം തരേണമേ.