യെഹൂദരെപ്പോലെ ആവരുത്
10
1 സഹോദരരേ, മോശെയെ പിന്തുടര്‍ന്ന നമ്മുടെ പിതാക്കന്മാര്‍ക്കു എന്തു സംഭവിച്ചുവെന്നു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാം മേഘങ്ങള്‍ക്കിടയില്‍ ആയിരുന്നു, അവരെല്ലാം കടലിലൂടെ നടക്കുകയും ചെയ്തു.
2 മേഘത്തിലും കടലിലും സ്നാനപ്പെട്ട് അവര്‍ മോശെയോടു ചേര്‍ന്നു.
3 അവരെല്ലാം ഒരേ ആത്മീയാഹാരം ഭക്ഷിച്ചു.
4 അവര്‍ ഒരേ ആത്മീയജലവും കുടിച്ചു. അവരോടൊപ്പമുണ്ടായിരുന്ന ആത്മീയ പാറയില്‍ നിന്നാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുവായിരുന്നു.
5 പക്ഷേ ദൈവം അവരിലധികം പേരോടും പ്രീതനായില്ല. അവര്‍ മരുഭൂമിയില്‍ വധിക്കപ്പെട്ടു.
6 സംഭവിച്ച ഇക്കാര്യങ്ങളെല്ലാം നമുക്കു മാതൃകകളുമാണ്. അവര്‍ ഇച്ഛിച്ചതുപോലുള്ള തിന്മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
7 അവര്‍ ചെയ്തതുപോലെ വിഗ്രഹങ്ങളെ ആരാധിക്കരുത്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “അവര്‍ തിന്നാനും കുടിയ്ക്കാനും ഇരുന്നു. നൃത്തം ചെയ്യാന്‍ അവര്‍ എഴുന്നേറ്റു.* “അവര്‍ … എഴുന്നേറ്റു” ഉദ്ധരണി പുറ. 32:6.
8 അവരില്‍ ചിലര്‍ ചെയ്തതുപോലുള്ള ലൈംഗികപാപങ്ങള്‍ നാം ചെയ്യരുത്. ഒരു ദിവസം അവരില്‍ ഇരുപത്തിമൂവായിരം പേര്‍ തങ്ങളുടെ പാപങ്ങള്‍ മൂലം കൊല്ലപ്പെട്ടു.
9 അവര്‍ ചെയ്തതുപോലെ നമ്മള്‍ കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ പാടില്ല. കര്‍ത്താവിനെ പരീക്ഷിച്ച അവര്‍ പാന്പുകളാല്‍ കൊല്ലപ്പെട്ടു.† “ധാന്യം … തടയരുത്” ഉദ്ധരണി ആവ. 25:4.
10 ഇവരില്‍ ചിലര്‍ ചെയ്തതുപോലെ പരാതിപ്പെടാതിരിക്കുക. നശിപ്പിക്കുന്നവനായ ദൂതനാല്‍ അവര്‍ കൊല്ലപ്പെട്ടു.
11 അവര്‍ക്കു സംഭവിച്ച കാര്യങ്ങള്‍ ഉദാഹരണങ്ങളാണ്. അതു നമുക്കു മുന്നറിയിപ്പെന്ന നിലയ്ക്കാണ് എഴുതപ്പെട്ടിരിക്കുന്നത്. ആ പൂര്‍വ്വ ചരിത്രമെല്ലാം അവസാനിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
12 താന്‍ ശക്തനായി നില്‍ക്കുന്നു എന്നു കരുതുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ.
13 എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും.
14 അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളെ, വിഗ്രഹാരാധനയില്‍ നിന്നും ഓടിയകലുക.
15 സ്വയം വിലയിരുത്താനുള്ള വിവേകം നിങ്ങള്‍ക്കുണ്ടെന്ന ധാരണയിലാണു ഞാന്‍ നിങ്ങളോടിതു പറയുന്നത്.
16 നാം സ്തോത്രം ചെയ്യുന്ന അനുഗ്രഹപാത്രം-ക്രിസ്തുവിന്‍റെ രക്തത്തിലുള്ള പങ്കുചേരലല്ലേ? നാം മുറിച്ചെടുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരം പങ്കുവെച്ചെടുക്കലല്ലേ?
17 ഒരു അപ്പമുണ്ട്, നമ്മള്‍ അനേകം പേരും. പക്ഷേ ആ ഒരപ്പത്തില്‍ നിന്ന് നാം നമ്മുടെ പങ്ക് മുറിച്ചെടുക്കുന്നു. അതിനാല്‍ സത്യത്തില്‍ നമ്മള്‍ ഒരു ശരീരമാകുന്നു.
18 യിസ്രായേല്‍ക്കാരെപ്പറ്റി ഓര്‍ക്കുക. യാഗമര്‍പ്പിക്കപ്പെട്ട ആഹാരം തിന്നുന്ന അവര്‍ യാഗപീഠം പങ്കു വയ്ക്കുകയല്ലേ?
19 വിഗ്രഹത്തിന് സമര്‍പ്പിച്ച ആഹാരത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നല്ല വിഗ്രഹത്തിനും ഉണ്ടെന്നല്ല
20 വിഗ്രഹങ്ങള്‍ക്കു നിവേദിക്കുന്നത് യഥാര്‍ത്ഥത്തില്‍ പിശാചിനാണ്, ദൈവത്തിനല്ല നല്‍കുന്നത്. നിങ്ങള്‍ പിശാചുക്കളുമായി ഒന്നും പങ്കു വയ്ക്കരുതെന്നാണെന്‍റെ ആഗ്രഹം.
21 പിശാചുക്കളുടെയും കര്‍ത്താവിന്‍റെയും പാനപാത്രത്തില്‍ നിന്ന് ഒരേസമയം കുടിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല. കര്‍ത്താവിന്‍റെയും പിശാചിന്‍റെയും മേശയില്‍ ഒരേസമയം പങ്കുപറ്റാനും നിങ്ങള്‍ക്കാവില്ല.
22 കര്‍ത്താവിനെ നാം പ്രകോപിപ്പിക്കണോ? നമ്മള്‍ അവനേക്കാള്‍ ശക്തരാണോ? അല്ല!
ദൈവമഹത്വത്തിന് നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുക
23 “എല്ലാം അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നല്ലതല്ല. “എല്ലാം അനുവദിച്ചിരിക്കുന്നു.” എങ്കിലും ചിലത് മറ്റുള്ളവരെ ശക്തരാക്കുവാന്‍ സഹായിക്കുന്നില്ല.
24 അവനവനെ മാത്രം സഹായിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ ആരും ശ്രമിക്കരുത്. മറ്റുള്ളവര്‍ക്കു കൂടി നന്മ വരുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കേണ്ടത്.
25 ചന്തയില്‍ വില്‍ക്കുന്ന മാംസം കഴിക്കുക. മനസാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുക.
26 “ഭൂമിയും അതിലുള്ളതെന്തും കര്‍ത്താവിന്‍റേതാകയാല്‍”‡ “ഭൂമിയും … കര്‍ത്താവിന്‍റേതാകയാല്‍” ഉദ്ധരണി സങ്കീ 24:1, 50:12, 89:11. നിങ്ങള്‍ക്കതു തിന്നാം.
27 അവിശ്വാസിയായ ഒരുവന്‍ അവനോടൊത്തു ഭക്ഷണം കഴിക്കാന്‍ നിങ്ങളെ ക്ഷണിക്കാം. നിങ്ങള്‍ പോകുവാന്‍ തീരുമാനിച്ചാല്‍ മുന്നില്‍ വിളന്പുന്നതെന്തും ഭക്ഷിക്കുക. അതു തിന്നാന്‍ കൊള്ളാവുന്നതാണോ എന്ന് അന്വേഷിക്കാതിരിക്കുക.
28 എന്നാല്‍ അത്, “വിഗ്രഹത്തിന് സമര്‍പ്പിക്കപ്പെട്ട മാംസമാണ്” എന്നാരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ അതു ഭക്ഷിക്കരുത്. അതു ഭക്ഷിക്കരുതാത്തതെന്തു കൊണ്ടെന്നോ? നിങ്ങളോടു അങ്ങനെ പറഞ്ഞവന്‍, ആ ഭക്ഷണം തിന്നുന്നതു തെറ്റെന്നു വിശ്വസിക്കുന്നവനാകയാല്‍ അവന്‍റെ വിശ്വാസത്തെ നിങ്ങള്‍ മുറിപ്പെടുത്തുകയാവും ഫലം.
29 അതു ഭക്ഷിക്കുന്നതു തെറ്റാണെന്നു നിങ്ങള്‍ കരുതുന്നുണ്ടെന്നല്ല ഞാന്‍ സൂചിപ്പിച്ചത്. പക്ഷേ മറ്റേയാള്‍ അതു തെറ്റാണെന്നു കരുതാം. അതു മാത്രമാണ് അതു തിന്നാതിരിക്കാനുള്ള കാരണം. മറ്റുള്ളവര്‍ തെറ്റോ ശരിയോ എന്നു കരുതുന്നതിന്‍റെ അടിസ്ഥാനത്തിലല്ല എന്‍റെ സ്വാതന്ത്ര്യം വിലയിരുത്തപ്പെടേണ്ടത്.
30 നന്ദിയോടെയാണ് ഞാന്‍ ആഹാരം കഴിക്കുന്നത്. അതിനാല്‍ ദൈവത്തിനു നന്ദി പറഞ്ഞ ആഹാരത്തിന്‍റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടരുത്.
31 അതുകൊണ്ട് നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും അതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുക.
32 യെഹൂദരും യവനന്‍മാരും ദൈവസഭയും ഒക്കെ ഉള്‍പ്പെടെ മറ്റുള്ളവരെ തെറ്റു ചെയ്യിക്കുംവിധം ഒന്നും പ്രവര്‍ത്തിക്കാതിരിക്കുക.
33 അതു തന്നെ ഞാനും ചെയ്യുന്നു. എല്ലാവരേയും എല്ലാത്തരത്തിലും സന്തോഷിപ്പിക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. എനിക്കു നല്ലതു വരുന്നതിനായി ഞാനൊന്നും ചെയ്യാന്‍ ശ്രമിക്കാറില്ല. ഭൂരിപക്ഷം ആളുകള്‍ക്കും രക്ഷയുണ്ടാകത്തക്കവിധം അവര്‍ക്കു നന്മയ്ക്കായാണു ഞാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാറ്.