പുരോഹിത സംഘങ്ങള്‍ 
24
1 അഹരോന്റെ പുത്രന്മാരുടെ സംഘങ്ങള്‍ ഇവയാണ്: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരായിരുന്നു അഹരോന്റെ പുത്രന്മാര്, 
2 എന്നാല്‍ നാദാബും അബീഹൂവും അവരുടെ പിതാവിനേക്കാള്‍ മുന്‍പേ മരിച്ചു. നാദാബിനും അബീഹൂവിനും പുത്രന്മാരുണ്ടായിരുന്നില്ല. അതിനാല്‍ എലെയാസാരും ഈഥാമാരും പുരോഹിതരായി പ്രവര്‍ത്തിച്ചു. 
3 എലെയാസാരിന്റെയും ഈഥാമാരിന്റെയും ഗോത്രങ്ങളെ ദാവീദ് വേര്‍പെടുത്തി. അങ്ങനെയായാല്‍ തങ്ങള്‍ക്കു നല്കപ്പെട്ട ജോലികള്‍ അവര്‍ക്കു ചെയ്യാനാകുമെന്നതിനാലാണ് ദാവീദ് അങ്ങനെ ചെയ്തത്. സാദോക്കിന്റെയും അഹീമേലെക്കിന്റെയും സഹായത്തോടെയാണ് ദാവീദ് ഇതു ചെയ്തത്. എലെയാസാരിന്റെ ഒരു പിന്ഗാമിയാരുന്നു സാദോക്ക്. അഹീമേലെക്ക് ഈഥാമാരിന്റെ പിന്‍ഗാമിയും. 
4 ഈഥാമാരിന്റെ കുടുംബത്തില്നിന്നുള്ളതിനേക്കാള് നേതാക്കള്‍ എലെയാസാരിന്റെ കുടുംബത്തില്നിന്നുണ്ടായിരുന്നു. എലെയാസാരിന്റെ കുടുംബത്തില്‍ നിന്നും പതിനാറു നേതാക്കളും ഈഥാമാരിന്റെ കുടുംബത്തില്‍നിന്നും എട്ടുപേരും. 
5 ഓരോ കുടുംബത്തില്‍നിന്നും ആളുകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നറുക്കിട്ടാണ് അവരെ തെരഞ്ഞെടുത്തത്. അവരില്‍ ഏതാനും പേര് തെരഞ്ഞെടുക്കപ്പെട്ടത് വിശുദ്ധസ്ഥലത്തിന്റെ ചുമതലക്കാരായിരിക്കാനാണ്. മറ്റുള്ളവര്‍ പുരോഹിതരായും. ഇവരെല്ലാം എലെയാസാരിന്റെയും ഈഥാമാരിന്റെയും കുടുംബക്കാരായിരുന്നു. 
6 ശെമയ്യാ ആയിരുന്നു കാര്യദര്‍ശി. നെഥനയേലിന്റെ പുത്രനായിരുന്നു അയാള്‍. ലേവി ഗോത്രക്കാരനായിരുന്നു ശെമയ്യാ. ആ പിന്‍ഗാമികളുടെ പേരുകള്‍ ശെമയിയാ എഴുതിവെച്ചു. ദാവീദുരാജാവിന്റെയും ഈ നേതാക്കളുടെയും മുന്പില്വച്ചാണ് അയാള്‍ ആ പേരുകള്‍ എഴുതിയത്: പുരോഹിതനായ സാദോക്ക്, അഹീമേലെക്ക്, പുരോഹിതരുടെ കുടുംബനായകന്മാര്, ലേവ്യനേതാക്കള്. അബ്യാഥാരിന്റെ പുത്രനായിരുന്നു അഹീമേലെക്ക്. ഓരോ തവണയും നറുക്കിട്ട് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുകയും ശെമയ്യാ അയാളുടെ പേരെഴുതുകയും ചെയ്തു. അങ്ങനെ അവര്‍ എലെയാസാര്‍ ഈഥാമാര്‍ എന്നിവരുടെ കുടുംബക്കാര്‍ക്കിടയില്‍ ജോലി വിഭജിച്ചു. 
7 യെഹോയാരീബിന്റെ സംഘമായിരുന്നു ആദ്യത്തേത്. യെദായാവിന്റെ സംഘമായിരുന്നു രണ്ടാമത്തേത്. 
8 ഹാരീമിന്റെ സംഘമായിരുന്നു മൂന്നാമത്തേത്. ശെയോരീമിന്റെ സംഘമായിരുന്നു നാലാമത്തേത്. 
9 മല്ക്കീയാവിന്റെ സംഘമായിരുന്നു അഞ്ചാമത്തേത്. മീയാമിന്റെ സംഘമായിരുന്നു ആറാമത്തേത്. 
10 ഹാക്കോസിന്റെ സംഘമായിരുന്നു ഏഴാമത്തേത്. അബീയാവിന്റെ സംഘമായിരുന്നു എട്ടാമത്തേത്. 
11 യേശുവയുടെ സംഘമായിരുന്നു ഒന്‍പതാമത്തേത്. ശെഖന്യാവിന്റെ സംഘമായിരുന്നു പത്താമത്തേത്. 
12 എല്യാശീബിന്റെ സംഘമായിരുന്നു പതിനൊന്നാമത്തേത്. യാക്കീമിന്റെ സംഘമായിരുന്നു പന്ത്രണ്ടാമത്തേത്. 
13 ഹുപ്പെക്കിന്റെ സംഘമായിരുന്നു പതിമൂന്നാമത്തേത്. യേശെബെയാമിന്റെ സംഘമായിരുന്നു പതിനാലാമത്തേത്. 
14 ബില്ഗെക്കിന്റെ സംഘമായിരുന്നു പതിനഞ്ചാമത്തേത്. ഇമ്മേരിന്റെ സംഘമായിരുന്നു പതിനാറാമത്തേത്. 
15 ഹേസീരിന്റെ സംഘമായിരുന്നു പതിനേഴാമത്തേത്. ഹപ്പിസ്സേസിന്റെ സംഘമായിരുന്നു പതിനെട്ടാമത്. 
16 പെതഹ്യാവിന്റെ സംഘമായിരുന്നു പത്തൊന്‍പതാമത്. യെഹെസ്കേലിന്റെ സംഘമായിരുന്നു ഇരുപതാമത്തേത്. 
17 യാഖീന്റെ സംഘമായിരുന്നു ഇരുപത്തൊന്നാമത്തേത്. ഗാമൂലിന്റെ സംഘമായിരുന്നു ഇരുപത്തിരണ്ടാമത്തേത്. 
18 ദെലായാവിന്റെ സംഘമായിരുന്നു ഇരുപത്തിമൂന്നാമത്തേത്. മയസ്യാവിന്റെ സംഘമായിരുന്നു ഇരുപത്തിനാലാമത്തേത്. 
19 യഹോവയുടെ ആലയത്തില്‍ ശുശ്രൂഷയ്ക്കു തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ ഇവയായിരുന്നു. ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള യിസ്രായേലിന്റെ ദൈവമാകുന്ന യഹോവ അഹരോനു നല്കിയ ചട്ടങ്ങള്‍ അവര്‍ അനുസരിച്ചു. 
മറ്റു ലേവ്യര്‍ 
20 ലേവ്യരുടെ ബാക്കി പിന്‍ഗാമികളുടെ പേരുകള്‍ ഇതാണ്: 
അമ്രാമിന്റെ പിന്ഗാമികളില് നിന്ന്: ശൂബായേല്. ശൂബായേലിന്റെ പിന്‍ഗാമികളില്‍നിന്ന്: യെഹദെയാവ്. 
21 രെഹബ്യാവില് നിന്ന്: മൂത്തപുത്രനായിരുന്ന യിശ്യാവ്. 
22 യിസ്ഹാര്‍ ഗോത്രത്തില്‍ നിന്ന്: ശെലോമോത്ത്. ശെലോമോത്തിന്റെ കുടുംബത്തില്‍നിന്ന്: യഹത്ത്. 
23 ഹെബ്രോന്റെ മൂത്തപുത്രനായിരുന്നു യെരിയാവ്. അമര്യാവായിരുന്നു ഹെബ്രോന്റെ രണ്ടാമത്തെ പുത്രന്. യഹസീയേലായിരുന്നു അയാളുടെ മൂന്നാമത്തെ പുത്രന്. യെക്കമെയാമായിരുന്നു അയാളുടെ നാലാമത്തെ പുത്രന്. 
24 മീഖാ ഉസ്സീയേലിന്റെ പുത്രന്. ശാമീര്‍ മീഖയുടെ പുത്രന്. 
25 യിശ്യാവ് മീഖയുടെ സഹോദരന്. സെഖര്യാവ് യിശ്യാവിന്റെ പുത്രന്. 
26 മഹ്ളി, മൂശി, അയാളുടെ പുത്രന് യയസ്യാവ് എന്നിവര്‍ മെരാരിയുടെ പിന്‍ഗാമികള്‍. 
27 മെരാരിയുടെ പുത്രനായ യയസ്യാവിന് ബെനോയും ശോഹയും സക്കൂറും ഇബ്രിയും പുത്രന്മാര്. 
28 എലെയാസാര്‍ മഹ്ളിയുടെ പുത്രന്. എന്നാല്‍ എലെയാസാരിനു പുത്രന്മാരുണ്ടായിരുന്നില്ല. 
29 യെരഹ്മെയേല് കീശിന്റെ പുത്രന്. 
30 മഹ്ളി, ഏദെര്‍, യെരീമോത്ത് എന്നിവര്‍ മൂശിയുടെ പുത്രന്മാര്. 
ലേവ്യകുടുംബങ്ങളുടെ നായകന്മാര് അവരായിരുന്നു. കുടുംബം തിരിച്ചാണവര് പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. 
31 വിശിഷ്ട ജോലികള്ക്കാണവര് തെരഞ്ഞെടുക്കപ്പെട്ടത്. തങ്ങളുടെ പുരോഹിതന്മാരെയും പോലെ അവരും നറുക്കിട്ടു. അഹരോന്റെ പിന്‍ഗാമികളായിരുന്നു പുരോഹിതര്‍. ദാവീദുരാജാവ്, സാദോക്ക്, അഹീമേലെക്ക്, പുരോഹിതരുടെയും ലേവ്യകുടുംബങ്ങളുടെയും നേതാക്കള്‍ എന്നിവരുടെ മുന്പില് വച്ചാണവര്‍ നറുക്കിട്ടത്. ജോലികള്‍ തിരഞ്ഞെടുത്തപ്പോള്‍ വലുതും ചെറുതുമായ കുടുംബങ്ങള്‍ക്ക് തുല്യപരിഗണനയായിരുന്നു ലഭിച്ചത്.