പരിശുദ്ധാത്മാവിന്റെ വരവ് 
2
1 പെന്തെക്കൊസ്തുദിനം വന്നപ്പോള്‍ അപ്പൊസ്തലന്മാര് ഒരിടത്ത് ഒന്നിച്ചു കൂടി. 
2 പെട്ടെന്ന് ആകാശത്തു നിന്ന് ഒരു ശബ്ദമുണ്ടായി. ഒരു കൊടുങ്കാറ്റു വീശുന്നതുപോലെ അതവര് ഇരുന്ന വീടിനെയാകെ മുഖരിതമാക്കി. 
3 തീജ്വാലകള്‍ പോലെ അവര്‍ എന്തോ കണ്ടു. അവ വേര്‍പിരിഞ്ഞ് ഓരോരുത്തരുടെയും മേല്‍ വീണു. 
4 അവരില്‍ എല്ലാവരിലും പരിശുദ്ധാത്മാവ് നിറയുകയും അവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. പരിശുദ്ധാത്മാവ് അവര്‍ക്കതിനുള്ള കഴിവ് നല്‍കിയിരുന്നു. 
5 ആ സമയം യെരൂശലേമില്‍ ഏതാനും ഭക്തരായ യെഹൂദര്‍ ഉണ്ടായിരുന്നു. അവര്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും വന്നവരായിരുന്നു. 
6 ശബ്ദം കേട്ട് അനേകംപേര്‍ അവിടെക്കൂടി. അപ്പൊസ്തലന്മാര് തങ്ങളുടെ സ്വന്തം രാജ്യത്തിലെ ഭാഷയില്‍ സംസാരിക്കുന്നതു കേട്ട് അവര്‍ അന്പരന്നു. 
7 യെഹൂദരെല്ലാവരും ഇതില്‍ അത്ഭുതപ്പെട്ടു. അപ്പൊസ്തലന്മാര്ക്ക് ഇതെങ്ങനെ സാദ്ധ്യമായെന്ന് അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇതാ! നാം കേള്‍ക്കുന്ന ഈ പ്രസംഗങ്ങള്‍ നടത്തുന്ന ഇവരെല്ലാം ഗലീലക്കാരാണ്! 
8 പക്ഷേ അവരെ നാം നമ്മുടെ ഭാഷയില്‍ തന്നെ കേള്‍ക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു? 
9 നമ്മള് പാര്‍ത്ഥ്യ, മേദ്യ, ഏലാം, മെസപൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തോസ്, ആസ്യ,* 
10 പ്രഗ്യ, പംഫുല്യ, മിസ്രയീം, കുറേനയുടെ വകയായ ലിബ്യ, റോം, 
11 ക്രേത്യ, അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നമ്മില്‍ ചിലര്‍ ജനനത്താല്‍ യെഹൂദരും മറ്റുള്ളവര്‍ മതം മാറി വന്നവരുമാണ്. നാം ഇങ്ങനെ വ്യത്യസ്ത രാജ്യക്കാരാണ്. എന്നാല്‍ ഇവരുടെ വാക്കുകള്‍ നാം നമ്മുടെ ഭാഷയില്‍ കേള്‍ക്കുന്നു! അവര്‍ ദൈവത്തെപ്പറ്റി പറയുന്ന മഹത്തായ കാര്യങ്ങള്‍ നമ്മള്‍ക്കെല്ലാം മനസ്സിലാവുന്നു. 
12 ആളുകളെല്ലാം വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണു സംഭവിക്കുന്നത്?” 
13 മറ്റുള്ളവര്‍ അപ്പൊസ്തലന്മാരെ പരിഹസിക്കുകയായിരുന്നു. അവര്‍ വീഞ്ഞുകുടിച്ച് മത്തു പിടിച്ചിരിക്കുകയാണെന്നവര് കരുതി. 
പത്രൊസ് പ്രസംഗിക്കുന്നു 
14 അപ്പോള്‍ പത്രൊസ് മറ്റു പതിനൊന്ന് അപ്പൊസ്തലന്മാരോടുമൊപ്പം എഴുന്നേറ്റു നിന്നു. എല്ലാവരും കേള്‍ക്കെ അവന് ഉച്ചത്തില്‍ പ്രസംഗിച്ചു. അവന് പറഞ്ഞു, “എന്റെ യെഹൂദ സഹോദരന്മാരേ, യെരൂശലേംകാരേ, എന്നെ ശ്രദ്ധിക്കുക. നിങ്ങള്‍ക്കിപ്പോള്‍ വേണ്ടിയ ചിലത് ഞാന്‍ നിങ്ങളോടു പറയാം. ശ്രദ്ധിച്ചുകേള്‍ക്കുക. 
15 നിങ്ങള്‍ കരുതുന്നതുപോലെ ഇവര്‍ മദ്യം കഴിച്ചിട്ടില്ല; ഇപ്പോള്‍ കാലത്ത് ഒന്‍പതു മണി ആയിട്ടേ ഉള്ളൂ. 
16 പക്ഷേ നിങ്ങളിന്നു കണ്ടതൊക്കെ യോവേല്‍പ്രവാചകന്‍ എഴുതിയിട്ടുള്ളതാണ്. യോവേല്‍ ഇങ്ങനെ എഴുതി: 
17 ‘ദൈവം പറയുന്നു, 
അന്ത്യനാളുകളില്‍ ഞാനെന്റെ ആത്മാവിനെ എല്ലാവരിലും ചൊരിയും, 
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. 
നിങ്ങളുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ കിട്ടും. 
നിങ്ങളുടെ വൃദ്ധന്മാര്ക്കു പ്രത്യേക സ്വപ്നങ്ങളും. 
18 ആ സമയം ഞാനെന്റെ ദാസന്മാര്ക്കും, ദാസിമാര്‍ക്കും, എന്റെ ആത്മാവിനെ നല്‍കും. 
അവര്‍ പ്രവചിക്കും. 
19 ആകാശത്തു ഞാന്‍ അത്ഭുതസംഗതികള്‍ കാട്ടും. 
ഭൂമിയില്‍ കീഴെ ഞാന്‍ തെളിവുകള്‍ നല്‍കും. 
അവിടെ രക്തവും തീയും കടുത്ത പുകയും ഉണ്ടാകും. 
20 സൂര്യന് ഇരുണ്ടുപോകും, 
ചന്ദ്രന് ചോര പോലെ ചുവക്കും. 
അപ്പോള്‍ കര്‍ത്താവിന്റെ മഹനീയവും ഭയങ്കരവുമായ ദിവസം വരും. 
21 കര്‍ത്താവില്‍ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും.’ യോവേല്‍ 2:28-32 
22 “എന്റെ യെഹൂദ സഹോദരന്മാരേ, ഈ വാക്കുകള്‍ ശ്രദ്ധിച്ചാലും: നസറെത്തുകാരനായ യേശു വിശിഷ്ടനായ ഒരുവനായിരുന്നു. ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിയിട്ടുണ്ട്. ദൈവം യേശുവിലൂടെ ചെയ്ത ശക്തിമത്തും, അതിശയകരവുമായ സംഗതികളിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇതു സത്യമാണെന്നു നിങ്ങള്‍ക്കറിയാം. 
23 യേശുവിനെ നിങ്ങള്‍ക്കു നല്‍കുകയും നിങ്ങളവനെ കൊല്ലുകയും ചെയ്തു. ദുഷ്ടന്മാരുടെ സഹായത്തോടെ നിങ്ങളവനെ കുരിശില്‍ ആണികൊണ്ടു തറച്ചു. എന്നാലിതെല്ലാം സംഭവിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. അത് ദൈവത്തിന്റെ ആസൂത്രണമായിരുന്നു. വളരെ മുന്‍പുതന്നെ അവന് ഇതൊക്കെ ആസൂത്രണം ചെയ്തിരുന്നു. 
24 യേശു മരണവേദന അനുഭവിച്ചെങ്കിലും ദൈവം അവനെ അതില്‍നിന്നും മുക്തനാക്കി. ദൈവം യേശുവിനെ മരണത്തില്‍നിന്നും ഉയര്ത്തെഴുന്നേല്പിച്ചു. മരണത്തിന് യേശുവിനെ പിടിക്കാനാവില്ല. 
25 യേശുവിനെപ്പറ്റി ദാവീദ് ഇങ്ങനെ പറഞ്ഞിരിക്കുന്നു: 
‘കര്‍ത്താവിനെ ഞാനെപ്പോഴും എന്റെ കണ്മുന്പില് കണ്ടു; 
എന്നെ സംരക്ഷിക്കാന്‍ അവന് എന്റെ വലതുവശത്തിരിക്കുന്നു. 
26 അതിനാല്‍ എന്റെ ഹൃയം ആഹ്ലാദിച്ചു, 
എന്റെ വായ ആനന്ദത്തോടെ സംസാരിച്ചു. 
അതെ, എന്റെ ശരീരം പോലും പ്രതീക്ഷയോടെ വസിക്കും; 
27 എന്തെന്നാല്‍ എന്റെ ആത്മാവിനെ നീ മരിച്ചവരുടെ രാജ്യത്തിലേക്ക് തള്ളിക്കളയുകയില്ല. 
നിന്റെ പരിശുദ്ധന്റെ ദേഹം ശവക്കുഴിയില്‍ അഴുകിപ്പോകുവാന്‍ നീ അനുവദിക്കയില്ല. 
28 എങ്ങനെ ജീവിക്കണമെന്ന് നീയെന്നെ പഠിപ്പിച്ചു. 
എന്റെയടുത്തു വന്ന് നീയെന്നെ ആഹ്ലാദപൂര്‍ണ്ണനാക്കും.” സങ്കീര്‍ത്തനങ്ങള്‍ 16:8-11 
29 “എന്റെ സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെപ്പറ്റി ഞാന്‍ ഉറപ്പായി പറയട്ടെ. അവന് മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇവിടെ നമ്മോടു കൂടെ ഇപ്പോഴുമുണ്ട്. 
30 പ്രവാചകനായിരുന്ന ദാവീദിനു ദൈവവചനത്തെപ്പറ്റി അറിയാമായിരുന്നു. ദാവീ ദിന്റെ ഗോത്രത്തില്‍ നിന്നൊരുവനെ ദാവീദിനെപ്പോലെ താന്‍ രാജാവാക്കുമെന്ന് ദൈവം ദാവീദിനു ഒരു പ്രതിജ്ഞയിലൂടെ വാഗ്ദാനം നല്‍കിയിരുന്നു. 
31 ഇതു സംഭവിക്കും മുന്‍പ് ദാവീദ് ഇതറിഞ്ഞിരുന്നു. അതിനാലാണ് ദാവീദ് അയാളെപ്പറ്റി ഇങ്ങനെ പറഞ്ഞത്: 
‘അവന് പാതാളത്തിലേക്കു തള്ളപ്പെടുകയോ, 
അവന്റെ ദേഹം കല്ലറയില്‍ അഴുകിപ്പോകുകയോ ചെയ്തില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10 
യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചാണ് ദാവീദ് പറഞ്ഞത്. 
32 അതിനാല്‍ ദാവീദിനെയല്ല, യേശുവിനെയാണ് ദൈവം മരണത്തില്‍ നിന്നും ഉയര്‍ത്തിയത്. നമ്മളെല്ലാം അതിനു സാക്ഷികളാണ്. നമ്മള് അവനെ കണ്ടു. 
33 യേശു സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ത്തപ്പെട്ടു, ഇപ്പോഴവന് ദൈവത്തോടൊപ്പം അവന്റെ വലതു വശത്തിരിക്കുന്നു. പിതാവ് (ദൈവം) യേശുവിനിപ്പോള്‍ പരിശുദ്ധാത്മാവിനെ നല്കി. ദൈവം അതു വാഗ്ദാനം ചെയ്തതാണ്. ഇപ്പോള്‍ ആ ആത്മാവിനെ യേശു പകരുന്നു. നിങ്ങളിപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അതാണ്. 
34 ദാവീദല്ല, യേശുവാണ് സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ദാവീദ് സ്വയം പറഞ്ഞു, 
‘കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു: 
35 നിന്റെ ശത്രുക്കളെ ഞാന്‍ നിന്റെ കാല്‍ക്കീഴിലാക്കുംവരെ നീയെന്റെ വലതുവശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1 
36 അതിനാല്‍ എല്ലാ യെഹൂദരും ഇതിന്റെ യാഥാര്‍ത്ഥ്യം തീര്‍ച്ചയായും അറിയണം. ദൈവം യേശുവിനെ കര്‍ത്താവും ക്രിസ്തുവുമാക്കി. ഈ യേശുവിനെയാണ് നിങ്ങള്‍ ക്രൂശിച്ചത്.” 
37 ഇതു കേട്ടപ്പോള്‍ ആളുകള്‍ക്ക് ഹൃദയത്തില്‍ കുത്തു കൊണ്ടു. അവര്‍ പത്രൊസിനോടും മറ്റു അപ്പൊസ്തലന്മാരോടും ചോദിച്ചു, “ഞങ്ങളിനി എന്തു ചെയ്യണം?” 
38 പത്രൊസ് അവരോടു പറഞ്ഞു, “ഓരോരുത്തരും മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനപ്പെടുക. അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു സമ്മാനിക്കുകയും ചെയ്യും. 
39 ഇതു നിങ്ങള്‍ക്കുള്ള വാഗ്ദാനമാണ്. ഇതു നിങ്ങളുടെ സന്തതികള്‍ക്കും ദൂരെയുള്ള എല്ലാവര്ക്കും കൂടിയാണ്. കര്‍ത്താവായ ദൈവം തന്നിലേക്കു വിളിക്കുന്ന എല്ലാവര്ക്കും വേണ്ടിയുള്ളതാണ്.” 
40 പത്രൊസ് വളരെ വാചാലമായി അവര്‍ക്കു മുന്നറിയിപ്പു നല്കി. അവന് അവരോടു യാചിച്ചു, “ഇപ്പോള്‍ ജീവിക്കുന്നവരുടെ ദുഷ്ടതകളില്‍ നിന്നും സ്വയം രക്ഷിക്കുക.” 
41 അപ്പോള്‍ പത്രൊസിന്റെ വചനങ്ങള്‍ സ്വീകരിച്ചവര്‍ സ്നാനപ്പെട്ടു. ആ ദിവസം തന്നെ മൂവായിരത്തോളം പേര് വിശ്വാസികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. 
വിശ്വാസികളുടെ പങ്കുവെക്കല്‍ 
42 അവര്‍ യോഗം ചേരുന്നതു തുടര്‍ന്നു. അപ്പൊസ്തലന്മാരുടെ വചനം പഠിക്കാന്‍ അവര്‍ തങ്ങളുടെ സമയം ഉപയോഗിച്ചു. അവര്‍ പരസ്പരം പങ്കുവയ്ക്കുകയും ഒന്നിച്ച് ആഹാരം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. 
43 അപ്പൊസ്തലന്മാരുടെ ശക്തവും അത്ഭുതകരവുമായ പ്രവൃത്തികള്‍ കണ്ട് ആളുകള്‍ക്ക് ദൈവത്തോട് വളരെ ആദരവു തോന്നി. 
44 വിശ്വാസികളെല്ലാം ഒരുമിച്ചു താമസിച്ചു. അവരെല്ലാം പങ്കുവെച്ചു. 
45 തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയും അവരുടെ ഉടമസ്ഥതയിലുള്ള സാധനങ്ങളും വിറ്റു. എന്നിട്ട് അവര്‍ ആ പണം മുഴുവന്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്തു. 
46 ദൈവാലയപ്പറന്പില്‍ അവര്‍ എന്നും ഒത്തുകൂടി. അവര്‍ക്ക് ഒരേ ലക്ഷ്യമായിരുന്നു. അവര്‍ തങ്ങളുടെ വീടുകളില്‍ ഒരുമിച്ച് ആഹാരം കഴിച്ചു. അവര്‍ സന്തോഷത്തോടെ ആഹാരം പങ്കുവയ്ക്കുകയും ആഹ്ലാദത്തോടെ അതു തിന്നുകയും ചെയ്തു. 
47 വിശ്വാസികള്‍ ദൈവത്തെ വാഴ്ത്തുകയും ആളുകള്‍ അവരെ ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാ ദിവസവും കൂടുതല്‍ പേര് രക്ഷിക്കപ്പെട്ടു; കര്‍ത്താവ് അവരെ വിശ്വാസികളുടെ സംഘത്തിലേക്കു ചേര്‍ക്കുകയായിരുന്നു.